അമിത വില ഈടാക്കിയതിന് അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന റെസ്‌റ്റൊറന്റിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് അയോധ്യ വികസന സമിതി(Ayodhya Development Authority-എഡിഎ). രണ്ട് കപ്പ് ചായയ്ക്കും രണ്ട് വൈറ്റ് ടോസ്റ്റിനും കൂടി 252 രൂപ ഈടാക്കിയ റെസ്റ്റൊറന്റിന്റെ ബില്ല് കഴിഞ്ഞയാഴ്ച സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. അയോധ്യയിലെ ‘ശബരി രസോയ്’ എന്ന റെസ്‌റ്റൊറന്റിന്റെ ഉടമയ്ക്കാണ് അധികൃതര്‍ നോട്ടീസ് അയച്ചത്. ഒരു കപ്പ് ചായയ്ക്കും രണ്ട് ടോസ്റ്റിനും പത്ത് രൂപാ വീതം ഇടാക്കി വില്‍ക്കുന്നതിനുള്ള കരാറിനാണ് റെസ്റ്റൊറന്റിന് അനുമതി നല്‍കിയിട്ടുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.
രാമക്ഷേത്രത്തിന് സമീപമുള്ള തെഹ്‌രി ബസാറില്‍ എഡിഎയുടെ നേതൃത്വത്തില്‍ പുതിയതായി നിര്‍മിച്ച ബഹുനില വാണിജ്യ സമുച്ചയമായ അരുന്ധതി ഭവനിലാണ് റെസ്റ്റൊറന്റ് സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം/എസ് കവച് ഫസിലിറ്റി മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ റെസ്റ്റൊറന്റ്. മൂന്ന് ദിവസത്തിനുള്ളില്‍ കാരണം ബോധിപ്പിക്കണമെന്നാണ് റെസ്റ്റൊറന്റിനോട് എഡിഎ നിര്‍ദേശിച്ചിരിക്കുന്നത്.
അല്ലാത്തപക്ഷം, കരാര്‍ റദ്ദാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ‘‘ഇവിടെയെത്തുന്ന ഭക്തര്‍ക്ക് കുറഞ്ഞ നിരക്കില്‍ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കച്ചവടക്കാരുമായി ഞങ്ങള്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഡോര്‍മിറ്ററി, വാഹനപാര്‍ക്കിങ്, ഭക്ഷണം എന്നിവയ്ക്ക് ന്യായമായ നിരക്ക് മാത്രമെ ഈടാക്കാവൂ എന്ന് കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്,’’ എഡിഎ വൈസ് ചെയര്‍മാന്‍ വിശാല്‍ സിങ് പറഞ്ഞു.
ബില്ല് സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ശബരി രസോയ് റെസ്‌റ്റൊറന്റിന്റെ പ്രോജക്ട് ഹെഡ് സത്യേന്ദ്ര മിശ്ര പറഞ്ഞു. ‘‘ഇവിടെയെത്തി സൗജന്യമായി ഭക്ഷണം വെള്ളം കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നില്‍. വലിയ ഹോട്ടലുകളില്‍ നല്‍കുന്ന അതേ സൗകര്യമാണ് ഇവിടെ ഞങ്ങള്‍ കൊടുക്കുന്നത്. അധികൃതരുടെ നോട്ടീസിന് മറുപടി നല്‍കുന്നതായിരിക്കും, ’’ സത്യേന്ദ്ര പറഞ്ഞു.
അമിത വില ഈടാക്കിയതിന് റെസ്റ്റൊറന്റിന് അധികൃതര്‍ വിശദീകരണം തേടുന്നത് ഇതാദ്യത്തെ സംഭവമല്ല. നടന്‍ രാഹുല്‍ ബോസില്‍ നിന്ന് അമിത വില ഇടാക്കിയതിന് ചണ്ഡീഗഢിലെ ഫവ് സ്റ്റാര്‍ ഹോട്ടലായ ജെഡബ്ല്യു മാരിയോട്ടിന് എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ വകുപ്പ് 2019-ല്‍ 25,000 രൂപ പിഴ ചുമത്തിയിരുന്നു. രണ്ട് വാഴപ്പഴത്തിന് ഹോട്ടല്‍ അധികൃതര്‍ 442 രൂപ ഈടാക്കിയെന്ന് കാട്ടി രാഹുല്‍ ബോസ് സാമൂഹികമാധ്യമമായ എക്‌സില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ വകുപ്പ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ വിശ്വാസയോഗ്യമായ മറുപടി ലഭിക്കാത്തതിനാലാണ് ജെഡബ്ല്യു മാരിയോട്ടിന് പിഴ ഇട്ടത്.