മുംബൈ വിമാനത്താവളത്തിൽ വെച്ച് ഒരു ലക്ഷം രൂപയും 78 വര്‍ഷം പഴക്കമുള്ള പേനയും നഷ്ടപ്പെട്ടതായി മണിപ്പാല്‍ ഗ്രൂപ്പ് ഡയറക്ടര്‍. 5000 രൂപ വിലവരുന്ന പേനയാണ് മോഷണം പോയതെന്നും അദ്ദേഹം പറഞ്ഞു. മണിപ്പാല്‍ ടെക് ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറായ ബിനോദ് കുമാര്‍ മണ്ഡലാണ് ഈ ദുരനുഭവം പങ്കുവെച്ചത്.
മംഗളുരുവില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇദ്ദേഹം. രണ്ട് ദിവസത്തെ ഔദ്യോഗിക യാത്രയ്‌ക്കെത്തിയതായിരുന്നു ബിനോദ് കുമാര്‍ മണ്ഡല്‍.
ചെക്ക്-ഇന്‍ ചെയ്ത ബാഗിലാണ് പണവും പേനയും ഇദ്ദേഹം സൂക്ഷിച്ചിരുന്നത്. അവ കൈയ്യില്‍ കൊണ്ടുപോകുന്നതിനെക്കാള്‍ സുരക്ഷിതം ചെക്ക്-ഇന്‍ ബാഗിൽ ആയിരിക്കുമെന്ന് അദ്ദേഹം കരുതി.
മുംബൈയിലെത്തിയപ്പോഴാണ് തന്റെ ബാഗ് ആരോ തുറന്നതായി അദ്ദേഹത്തിന് മനസ്സിലായത്. ബാഗിന്റെ സിപ്പിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇത്തരമൊരു സംഭവം ഇതാദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.
‘‘എയര്‍പോര്‍ട്ട് ജീവനക്കാര്‍ അറിഞ്ഞുകൊണ്ടുള്ള കളിയാണിത്. അല്ലാതെ പുറത്ത് നിന്നൊരാള്‍ക്ക് ഇത്രയെളുപ്പം മോഷണം നടത്താനാകില്ല. ബാഗുകള്‍ സ്‌കാന്‍ ചെയ്യുന്നയാള്‍ ഇതേപ്പറ്റിയുള്ള നിര്‍ദ്ദേശം മറ്റാര്‍ക്കെങ്കിലും കൊടുത്തിരിക്കാം. അല്ലാതെ മോഷണം നടക്കില്ല,‘‘എന്നും ബിനോദ് കുമാര്‍ പറഞ്ഞു.
’’ ഞാന്‍ കൊല്‍ക്കത്ത സ്വദേശിയാണ്. മംഗളുരുവിലാണ് ജോലി ചെയ്യുന്നത്. ബാങ്കില്‍ നിന്നും ഞാന്‍ പണം പിന്‍വലിച്ച രേഖകള്‍ എന്റെ കൈയ്യിലുണ്ട്,’’ അദ്ദേഹം പറഞ്ഞു.
’’ 5000 രൂപ വിലയുള്ള ഫൗണ്ടന്‍ പേനയാണ് നഷ്ടമായത്. അത് പരമ്പരാഗതമായി കൈമാറി വന്നയാണ്. എന്റെ മുത്തശ്ശന്‍ 1946ല്‍ വാങ്ങിയ പേനയാണത്,’’ അദ്ദേഹം ചൂണ്ടിക്കാട്ടി.
പണവും പേനയും നഷ്ടപ്പെട്ട വിവരം ഇദ്ദേഹം എയര്‍പോര്‍ട്ട് പോലീസിനെ അറിയിച്ചിരുന്നു. ഏകദേശം 5 മണിക്കൂറോളം കഴിഞ്ഞാണ് അദ്ദേഹത്തിന് പരാതി നല്‍കാനായത്.