ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകളില്‍ ഇനി
വൈഫൈ സംവിധാനവും. യാത്രയ്ക്കിടയിലും വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് സൗകര്യവുമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയാണ് രംഗത്ത. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്തില്‍ വൈഫൈ കണക്റ്റിവിറ്റി നല്‍കുന്നത്. ഈ മാസം മുതല്‍ തിരഞ്ഞെടുത്ത എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഈ സേവനം ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. ഇതോടെ യാത്രക്കായി എയര്‍ ഇന്ത്യ തിരഞ്ഞെടുക്കുന്ന യാത്രക്കാര്‍ക്ക് യാത്രയ്ക്കിടയില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ആസ്വദിക്കാം.
വിമാനത്തില്‍ സഞ്ചരിക്കുമ്പോഴും ഇനി ആളുകള്‍ക്ക് ബ്രൗസ് ചെയ്യാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കാനും ജോലി ചെയ്യാനും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടും സാധിക്കും. വിനോദ യാത്രക്കാര്‍ക്കും ബിസിനസ്സ് യാത്രക്കാര്‍ക്കും ഇത് കൂടുതല്‍ സൗകര്യപ്രദമാകും. യാത്രക്കാര്‍ക്ക് ഒരേസമയം ഒന്നിലധികം ഉപകരണങ്ങള്‍ വൈഫൈയുമായി ബന്ധിപ്പിക്കാന്‍ കഴിയും, ഐഒഎസ് അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, സ്മാര്‍ട്ട്ഫോണുകള്‍ എന്നിവയുള്‍പ്പെടെയുള്ളവയില്‍ വൈഫൈ ഉപയോഗിക്കാം
ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരീസ്, സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര റൂട്ടുകളില്‍ പരീക്ഷിച്ച് വിജയിച്ചതിന് ശേഷമാണ് ഇത് ആഭ്യന്തര ഫ്‌ലൈറ്റുകളില്‍ ലഭ്യമാക്കുന്നത്. എയര്‍ലൈനിന്റെ എല്ലാ വിമാനങ്ങളിലും ഈ ഓഫര്‍ വിപുലീകരിക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.