ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വിഷയത്തില്‍ ഇടപെടാന്‍ ഇറാന്‍ സന്നദ്ധത അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തിന് മാനുഷിക പരിഗണനയില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് പ്രതികരിച്ചത്.
യെമന്റെ തലസ്ഥാനമായ സനാ ഇപ്പോള്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഇവര്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളാണു മാധ്യമങ്ങളോടു സഹായ സന്നദ്ധത അറിയിച്ചത്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനു നിലവില്‍ യെമനില്‍ സജീവമായ ഉദ്യോഗസ്ഥ സംവിധാനമില്ല. ഹൂതി വിമതരുമായി കാര്യമായ ബന്ധവും ഇന്ത്യയ്ക്കില്ല. ഈ സാഹചര്യത്തില്‍ ഇറാന്റെ ഇടപെടല്‍ നിമിഷപ്രിയയുടെ മോചനത്തിന് ഏറെ സഹായകമാകുമെന്നാണു വിലയിരുത്തല്‍.
നിമിഷപ്രിയയുടെ വധശിക്ഷ ഏതാനും ദിവസം മുന്‍പാണു യെമന്‍ ശരിവച്ചത്. ദയാഹര്‍ജി തള്ളുകയും ചെയ്തിരുന്നു. ശിക്ഷ ഒരു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന വാര്‍ത്തകള്‍ക്കിടെ മോചനത്തിനുള്ള ശ്രമങ്ങള്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.