മംഗളൂരു: പ്രമുഖ വ്യവസായിയും മുൻ എം.എൽ.എ മുഹ്യിദ്ദീൻ ബാവയുടെ സഹോദരനുമായ മുംതാസ് അലി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറുപേർക്കെതിരെ സൂറത്ത്കൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2250 പേജുകളുള്ള കുറ്റപത്രം മംഗളൂരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്.
മുഖ്യ പ്രതി റഹ്മത്ത് (കൃഷ്ണ നഗർ ഏഴാം ബ്ലോക്ക് സ്വദേശി), ഭർത്താവും അഞ്ചാം പ്രതിയുമായ ഷുഹൈബ്, രണ്ടാം പ്രതി അബ്ദുൽ സത്താർ, മൂന്നാം പ്രതി നന്ദവാർ സ്വദേശി കലന്ദർ ഷാഫി, നാലാം പ്രതി കൃഷ്ണ നഗർ സ്വദേശി മുസ്തഫ, ആറാം പ്രതിയും സത്താറിന്റെ കാർ ഡ്രൈവറുമായ സിറാജ് എന്നിവർക്കെതിരെയാണ് കുറ്റപത്രം.
സൂറത്ത്കൽ പൊലീസ് ഇൻസ്പെക്ടർ മഹേഷ് പ്രസാദിന്റെ മേൽനോട്ടത്തിലാണ് കുറ്റപത്രം തയാറാക്കിയത്. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് മുംതാസ് അലി മരിച്ചത്. പ്രതികൾ ഏൽപിച്ച മാനസിക ആഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 100 സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിരുന്നു.