ബെംഗളൂരു:പട്ടാപ്പകല്‍ സുരക്ഷാജീവനക്കാര്‍ക്കു നേരേ വെടിയുതിര്‍ത്ത് എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച പണം കവര്‍ന്നു. വ്യാഴാഴ്ച ഉച്ചയോടെ കര്‍ണാടകയിലെ ബിദറിലായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമികൾ വാഹനം തടഞ്ഞു നിർത്തി സുരക്ഷാ ജീവനക്കാർക്കു നേരെ വെടി വയ്ക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. സുരക്ഷാ ജീവനക്കാരനായ ഗിരി വെങ്കടേഷ് ആണ് മരിച്ചത്. മറ്റൊരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മോഷണത്തിന്റെ വിഡിയോ ദൃശ്യങ്ങളും അതിനിടെ പുറത്തുവന്നു.
ബിദറിലെ ശിവാജി ചൗക്കിലുള്ള എടിഎമ്മിൽ പണം നിറയ്ക്കാനാണു സുരക്ഷാ ജീവനക്കാർ എത്തിയത്. ഇതിനിടെ ബൈക്കിലെത്തിയ ഹെൽമറ്റ് ധാരികളായ രണ്ട് മോഷ്ടാക്കൾ ഇവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നു വാഹനത്തിലുണ്ടായിരുന്ന പണപ്പെട്ടി തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു. തിരക്കേറിയ റോഡിൽ ആളുകൾ നോക്കിനിൽക്കെ ആയിരുന്നു സംഭവം. ഒരു കോടി രൂപയോളം രൂപ മോഷണം പോയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
നാട്ടുകാർ കല്ലെറിഞ്ഞ് അക്രമികളെ പിടികൂടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. എന്നാൽ പ്രതികൾ വിദഗ്ധമായി കടന്നുകളഞ്ഞു. എസ്ബിഐ എടിഎമ്മിൽ നിറയ്ക്കാനാണു സുരക്ഷാ ജീവനക്കാർ പണം എത്തിച്ചതെന്നാണ് റിപ്പോർട്ട്. അക്രമികളെ പിടികൂടാൻ കർണാടക പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അക്രമികൾ തെലങ്കാനയിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ അതിർത്തിയിൽ കർശന പരിശോധനയാണു കർണാടക പൊലീസ് നടത്തുന്നത്.