ചെന്നൈ: ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണത്തിന് ചുക്കാന്‍പിടിച്ചത് മലയാളികളായ ശാസ്ത്രജ്ഞര്‍. മിഷന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചത് മാവേലിക്കര പുന്നമൂട് സ്വദേശി തോമസ് കുര്യനായിരുന്നു. സ്പെയ്സ് സെന്റര്‍ ഡയറക്ടര്‍ എ. രാജരാജന്‍ തിരുവനന്തപുരം സ്വദേശിയാണ്. വി.എസ്.എസ്.സി. ഡയറക്ടര്‍ എന്നനിലയില്‍ കോട്ടയം കോതനല്ലൂര്‍ സ്വദേശിയായ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായരും ദൗത്യത്തില്‍ നിര്‍ണായക സ്ഥാനം വഹിച്ചു.
തോമസ് കുര്യന്‍ ആദ്യമായിട്ടായിരുന്നു ഒരു വിക്ഷേപണത്തിന്റെ ചുമതല വഹിക്കുന്നത്. താന്‍ നേതൃത്വംനല്‍കുന്ന ആദ്യദൗത്യം ഒരു ചരിത്രസംഭവമാണെന്ന ബോധ്യത്തോടെയാണ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വി.എസ്.എസ്.സി.യില്‍ പ്രവര്‍ത്തിക്കുന്ന തോമസ് കുര്യന് ജി.എസ്.എല്‍.വി.യുടെ ഒരു വിക്ഷേപണവും ഇതുവരെ നേരിട്ടുകാണാന്‍ സാധിച്ചിരുന്നില്ല. ആദ്യമായി കണ്ടത് തന്റെ നേതൃത്വത്തിലുള്ള ദൗത്യമായത് ഭാഗ്യമാണെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറാം വിക്ഷേപണം എന്നനിലയില്‍ അധികമായി ഒന്നും ചെയ്യേണ്ടിവന്നില്ല. സാധാരണരീതിയില്‍ത്തന്നെ മുന്നോട്ടുപോകുകയും വിജയത്തിലെത്തുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പെയ്‌സ് സെന്ററിന്റെ ഡയറക്ടറായി എ. രാജരാജന്‍ ചുമതലയേറ്റത് 2019-ലാണ്. ഇതിനുശേഷം ചന്ദ്രയാന്‍-3, ആദിത്യ എല്‍-1 അടക്കം വളരെ പ്രധാനപ്പെട്ട വിക്ഷേപണങ്ങള്‍ നടന്നു. ഒടുവില്‍ ചരിത്രസംഭവത്തിനും നേതൃത്വംനല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ തയ്യാറെടുപ്പുകളുടെ തിരക്കിനിടയിലാണ് ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ നൂറാം വിക്ഷേപണത്തിന്റെ ഭാഗമായത്. 45 വര്‍ഷംകൊണ്ട് 100 വിക്ഷേപണങ്ങള്‍ നടത്തിയ സ്ഥാനത്ത് അടുത്ത 100 വിക്ഷേപണങ്ങള്‍ ഇതിന്റെ നാലിലൊന്ന് കാലയളവിനുള്ളില്‍ നടത്താന്‍ സാധിക്കുമെന്ന് ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു.