വത്തിക്കാന്‍ സിറ്റി: ഭാരത ക്രൈസ്തവ സഭ പാവപ്പെട്ടവർക്കും ദുർബല ജനവിഭാഗങ്ങൾക്കും കൂടുതൽ പ്രാധാന്യം നല്‍കണമെന്ന് ഫ്രാൻസിസ് മാർപാപ്പ .
ഇന്ത്യയിലെ ലത്തീൻ മെത്രാന്മാരുടെ പ്ലീനറി സമ്മേളനത്തിലേക്കു അയച്ച സന്ദേശത്തിലാണ് ഇക്കാര്യം ആവശ്യപെ പ്പെട്ടത് . ദരിദ്രർക്ക് കൂടുതൽ സമീപസ്ഥമായ ഒരു സഭയായി മാറാൻ സഭാനേതൃത്വത്തോട് മാര്‍പാപ്പ ആവശ്യപ്പെട്ടു. സിനഡൽ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാനും ദരിദ്രർക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാനും പാപ്പ ആവശ്യപ്പെട്ടു. ഇന്ത്യയിലെ 132 ലത്തീൻ രൂപതകളിൽ സേവനമനുഷ്ഠിക്കുന്ന 209 മെത്രാന്മാരാണ് ഒഡീഷയിൽ നടക്കുന്ന പ്ലീനറി അസംബ്ലിയിൽ സംബന്ധിക്കുന്നത്.
സിനഡിൽ നടന്ന പഠനങ്ങളുടെ ഭാഗമായി ഉരുത്തിരിയുന്ന തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള പരിശ്രമങ്ങളിൽ ഇന്ത്യൻ മെത്രാൻ സമിതിക്ക് പാപ്പ തന്റെ പിന്തുണയും പ്രാർത്ഥനകളും വാഗ്ദാനം ചെയ്തു. രാജ്യത്തിന് മുഴുവൻ പ്രത്യാശയുടെ അടയാളമായി തുടരാൻ ഇന്ത്യയിലെ സഭയ്ക്ക് സാധിക്കുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു. മെച്ചപ്പെട്ട ഒരു ഭാവി ഏവർക്കും ഉറപ്പാക്കാനായി, പാവപ്പെട്ടവർക്കും ദുർബലർക്കുമായി തങ്ങളുടെ വാതിലുകൾ തുറന്നിടാൻ സഭയ്ക്ക് കഴിയട്ടെയെന്നും പാപ്പ ആശംസിച്ചു.
ഇന്ത്യയിലേക്കുള്ള വത്തിക്കാൻ നയതന്ത്രപ്രതിനിധി ആർച്ച് ബിഷപ്പ് ലെയൊപോൾഡോ ജിറെല്ലിയുടെ സാന്നിധ്യത്തിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ സംസാരിച്ച ലത്തീൻ മെത്രാൻസമിതി പ്രസിഡന്റ് കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവോ, രാജ്യത്ത് ക്രൈസ്തവ സമൂഹത്തിന് നേരെ ഉയർന്നുവരുന്ന വെല്ലുവിളികളും, ഇന്ത്യയിലെ മതസ്വാതന്ത്ര്യവും സംബന്ധിച്ച് സംസാരിച്ചു. മതപരിവർത്തന നിരോധന നിയമം, ക്രൈസ്തവർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിലെ വര്‍ദ്ധനവും മെത്രാൻ സമിതി അദ്ധ്യക്ഷൻ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. ജനുവരി ഇരുപത്തിയെട്ട് ചൊവ്വാഴ്‌ച ആരംഭിച്ച പ്ലീനറി സമ്മേളനം, ഫെബ്രുവരി നാലിന് അവസാനിക്കും.