ന്യൂഡല്‍ഹി: രാജ്യത്ത് പുണെയിലും കൊല്‍ക്കത്തയിലുമായി അപൂര്‍വ നാഡീ വൈകല്യമായ ഗില്ലിന്‍-ബാരെ സിന്‍ഡ്രോം (ജി.ബി.എസ്) വര്‍ധിക്കുന്നു. മഹാരാഷ്ട്രയില്‍ പുണെയിലെയും സോലാപൂരിലെയും രണ്ടു മരണങ്ങള്‍ ഗില്ലിന്‍-ബാരെ സിന്‍ഡ്രോം കാരണമെന്ന സംശയത്തെ തുടര്‍ന്ന് കൂടുതല്‍ പരിശോധന നടക്കുകയാണ്.
പുണെയിലും മഹാരാഷ്ട്രയിലെ ചില ജില്ലകളിലും ഈ രോഗം സംശയിക്കുന്ന കേസുകളുടെ എണ്ണം 130 ആയി ഉയര്‍ന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ 73 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 52 പേര്‍ 30 വയസില്‍ താഴെയുള്ളവരാണ്. 27 പേര്‍ ഗുരുതരാവസ്ഥയിലാണ്.
ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ താളംതെറ്റിക്കുകയാണ് ജി.ബി.എസ് ചെയ്യുന്നത്. ശ്വാസകോശത്തിലോ ദഹനനാളത്തിലോ അണുബാധയോടെയാണ് രോഗത്തിന്റെ ആരംഭം. പേശി ബലഹീനത, പനി, വയറിളക്കം, വയറുവേദന, ക്ഷീണം, മരവിപ്പ് എന്നീ ലക്ഷണങ്ങളെല്ലാം കണ്ടേക്കാം. ഗുരുതരമായവരില്‍ പക്ഷാഘാതം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.