ചെന്നൈ: കാള്‍ മാര്‍ക്‌സിനെതിരായ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് സി.പി.എം ശനിയാഴ്ച സംസ്ഥാനമൊട്ടുക്കും ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
ചെന്നൈ രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ചിന്നമലക്ക് സമീപം പൊലീസ് തടഞ്ഞു.
മാര്‍ക്സിന്‍റെ ആശയങ്ങള്‍ ഇന്ത്യക്കെതിരായിരുന്നുവെന്നും രാജ്യത്തിന്‍റെ വളര്‍ച്ചയെ തടസ്സപ്പെടുത്തിയുമെന്നാണ് ഗവര്‍ണര്‍ ഒരു ചടങ്ങില്‍ പ്രസംഗിച്ചത്. പുരോഗമന ചിന്താഗതിക്കാരനായ മാര്‍ക്‌സിനെ കുറിച്ച് അര്‍ധ ധാരണയോടെയാണ് ഗവര്‍ണര്‍ സംസാരിച്ചതെന്നും ഗവര്‍ണര്‍ പദവി രാജിവെച്ചതിനുശേഷം അദ്ദേഹം സംസാരിക്കട്ടെയെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സി.പി.എം തമിഴ്നാട് സെക്രട്ടറി കെ. ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
പ്രസ്താവന പിന്‍വലിക്കുന്നതുവരെ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ സി.പി.എം കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.