റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ മാർച്ച് 1-3 വരെ ഗുജറാത്തിലെ ജാംനഗറിൽ നടക്കും. ആഗോളതലത്തിലുള്ള ബിസിനസ്, ടെക് കമ്പനികളുടെ തലവന്മാർ ആഘോഷങ്ങളിൽ പങ്കെടുക്കും.
ദിവസേന പത്തിൽ താഴെ വിമാനങ്ങൾ മാത്രം ഇറങ്ങുന്ന ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ മാർച്ച് ഒന്നിന് മെഗാ ഇവന്റിനായി ഏകദേശം 50 വിമാനങ്ങൾ അതിഥികളുമായി ലാൻഡിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നഗരവുമായുള്ള ആഴത്തിലുള്ള കുടുംബബന്ധം കാരണം അംബാനി കുടുംബത്തിന് ഈ ആഘോഷ വേദിക്ക് വളരെ വലിയ പ്രാധാന്യമുണ്ട്.
മോർഗൻ സ്റ്റാൻലി സിഇഒ ടെഡ് പിക്ക്, ഡിസ്നി സിഇഒ ബോബ് ഇഗർ, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്, അഡ്‌നോക് സിഇഒ സുൽത്താൻ അഹമ്മദ് അൽ ജാബർ, ഇഎൽ റോത്ത്‌സ്‌ചൈൽഡ് മേധാവി ലിൻ ഫോറസ്റ്റർ ഡി റോത്ത്‌ചൈൽഡ് എന്നിവരുൾപ്പെടെ നിരവധി ബിസിനസ്സ് മേധാവികൾ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സൗദി അരാംകോ ചെയർപേഴ്സണ്‍ യാസിർ അൽ റുമയ്യാൻ ഉൾപ്പെടുന്നു. എൻ വി ഇൻവെസ്റ്റ്‌മെന്റ് സ്ഥാപകൻ വിവി നെവോ, ഹാർവാർഡ് ബിസിനസ് സ്‌കൂൾ മുൻ ഡീൻ നിതിൻ നൊഹ്‌റിയ, CCRM ന്യൂയോർക്ക് സഹസ്ഥാപകൻ ഡോ. ബ്രയാൻ ലെവിൻ, സോണി സിഇഒ കെനിചിറോ യോഷിദ, KKR & Co.സിഇഒ ജോ ബേ, ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്മെന്റ് ചെയർമാൻ മാർക്ക് കാർണി, മുബദാല സിഇഒ & എംഡി ഖൽദൂൻ അൽ മുബാറക്, എച്ച്എസ്ബിസി ഹോൾഡിംഗ്സ് പിഎൽസി ഗ്രൂപ്പ് ചെയർമാൻ മാർക്ക് ടക്കർ, ബ്രൂക്ക്ഫീൽഡ് മാനേജിങ് പാർട്ണർ അനൂജ് രഞ്ജൻ, ജനറൽ അറ്റ്ലാന്റിക് ചെയർമാനും സിഇഒയുമായ ബിൽ ബോർഡ്, നിക്ഷേപകനായ കാർലോസ് സ്ലിം, സാംസങ് ഇലക്‌ട്രോണിക്‌സ് എക്‌സിക്യൂട്ടീവ് ചെയർമാൻ ജെയ് ലീ, ഓക്ട്രീ ക്യാപിറ്റൽ മാനേജ്മെന്റ് സഹസ്ഥാപകൻ ഹൊവാർഡ് മാർക്സ്, യോർക്ക് ക്യാപിറ്റൽ മാനേജ്മെന്റ് സ്ഥാപകൻ ജെയിംസ് ദിനൻ, ഹിൽട്ടൺ ആൻഡ് ഹൈലാൻഡ് ചെയർമാൻ റിച്ചാർഡ് ഹിൽട്ടൺ തുടങ്ങിയവരും പ്രീ- വെഡ്ഡിങ് ആഘോഷങ്ങൾക്കായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതിഥികൾക്ക് ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിന്റെ പൈതൃകത്തെയും അടുത്തറിയാൻ അവസരം ലഭിക്കും. ഗുജറാത്തിലെ കച്ചിലെയും ലാൽപൂരിലെയും വനിതാ കരകൗശല വിദഗ്ധർ നിർമ്മിച്ച പരമ്പരാഗത സ്കാർഫുകളും അതിഥികൾക്ക് ലഭിക്കും.
മാർച്ച് 1 ന് രാവിലെ 8 നും ഉച്ചയ്ക്ക് 1 നും ഇടയിൽ എല്ലാ അതിഥികളും മുംബൈയിൽ നിന്നോ ഡൽഹിയിൽ നിന്നോ ചാർട്ടേഡ് ഫ്ലൈറ്റുകളിൽ ജാംനഗറിലേക്ക് എത്തും.
വ്യത്യസ്തമായ തീമുകളിൽ ആയിരിക്കും മൂന്ന് രാത്രികളിലും ആഘോഷങ്ങൾ നടക്കുക. എവർലാൻഡിൽ സംഘടിപ്പിച്ചിരിക്കുന്ന ആദ്യ ദിവസത്തെ പരിപാടിയുടെ ഡ്രസ് കോഡ് “എലഗന്റ് കോക്ടെയ്ൽ” ഉം രണ്ടാം ദിവസം ” ജംഗിൾ ഫീവർ ” എന്ന ഡ്രസ്സ് കോഡും ആണ് നൽകിയിരിക്കുന്നത്. ജാംനഗറിലെ അംബാനിയുടെ മൃഗസംരക്ഷണ പരിപാലന സമുച്ചയത്തിൽ രണ്ടാം ദിവസത്തെ ആഘോഷം അതിഗംഭീരമായി നടത്താനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ പരിപാടിക്ക് അതിഥികൾക്ക് ഇഷ്ടമുള്ള ഷൂകളും വസ്ത്രങ്ങളും ധരിക്കാം.
അതിന്ശേഷം സഫാരി തീമിലുള്ള വസ്ത്രങ്ങൾ അതിഥികൾക്കായി നൽകും. എല്ലാവർക്കും വളരെ മനോഹരമായ പരമ്പരാഗത ദക്ഷിണേഷ്യൻ വസ്ത്രങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. പരിപാടിയുടെ അവസാനദിവസം രണ്ടു തരത്തിലുള്ള ഡ്രസ്സ് കോഡുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്. “ടസ്‌കർ ട്രെയിൽസ്”, “കാഷ്വൽ ചിക്” എന്നിവയായിരിക്കും അവ. ജാംനഗറിന്റെ ഹരിത അന്തരീക്ഷവുമായി ഇണങ്ങുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ആയിരിക്കും ഇത്.
അതേസമയം എല്ലാ അതിഥികൾക്കും വസ്ത്രങ്ങൾക്കായി എക്സ്പ്രസ് സ്റ്റീമിംഗ് ഉൾപ്പെടെയുള്ള എല്ലാ വിധ സേവനങ്ങളും ലഭ്യമായിരിക്കും. ഇതിനുപുറമേ അതിഥികൾക്കായി ഹെയർസ്റ്റൈലിസ്റ്റുകൾ, സാരി ഡ്രേപ്പർമാർ, മേക്കപ്പ് സേവനങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.