(എബി മക്കപ്പുഴ)
ഡൽഹി: ഫെബ്രുവരി 16-ന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചു വീല്‍ചെയര്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചെന്ന സംഭവത്തില്‍ എയര്‍ ഇന്‍ഡ്യക്ക് 30 ലക്ഷം പിഴ ചുമത്തി ഡയറക്ടറേറ്റ് ജെനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ഉത്തരവിട്ടു.
വീല്‍ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വിമാനത്തില്‍നിന്ന് ടെര്‍മിനലിലേക്ക് നടന്നുപോയ 80 വയസ്സു കാരന്റെ മരണ കാരണം ഏഴു ദിവസത്തിനുള്ളില്‍ വിശദീകരണം ആവശ്യപ്പെട്ട് ഡി ജി സി എ എയര്‍ ഇന്‍ഡ്യക്ക് കാരണം കാണിക്കല്‍ നോടീസ് നല്‍കിയിരുന്നു.
വിശദീകരണം വിലയിരുത്തിയതിനു ശേഷം എയര്‍ ഇന്‍ഡ്യ കുറ്റംചെയ്തതായി കണ്ടെത്തിയതോടെയാണ് പിഴ ചുമത്തിയത്.
1937ലെ എയര്‍ക്രാഫ്റ്റ് നിയമങ്ങളുടെ ലംഘനമാണ് നടന്നതെന്നാണ് ഡിജിസിഎയുടെ കണ്ടെത്തല്‍.
മരിച്ച യാത്രക്കാരന്റെ ഭാര്യയ്ക്ക് വീല്‍ചെയര്‍ നല്‍കിയിരുന്നു. കൂടുതല്‍ വീല്‍ചെയറുകള്‍ ആവശ്യമായി വന്നതിനാല്‍ മറ്റൊന്ന് ലഭ്യമാക്കുന്നതുവരെ അദ്ദേഹത്തോട് കാത്തുനില്‍ക്കുവാന്‍ ജീവനക്കാര്‍ പറഞ്ഞുവെങ്കിലും ഇതിന് തയാറാവാതെ ഭാര്യയോടൊപ്പം നടക്കുകയായിരുന്നുവെന്നാണ് എയര്‍ലൈന്‍ നല്‍കിയ വിശദീകരണം.
എന്നാല്‍, ഭിന്നശേഷിക്കാരോ നടക്കാന്‍ പ്രയാസമുള്ളവരോ ആയ യാത്രക്കാര്‍ക്ക് നല്‍കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ എയര്‍ ഇന്‍ഡ്യ കൃത്യമായി പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തി ഡി ജി സി എ പിഴ ചുമത്തുകയായിരുന്നു. ഇതോടൊപ്പം, സഹായം വേണ്ട യാത്രക്കാര്‍ക്ക് ആവശ്യമായത്രയും വീല്‍ചെയറുകള്‍ ഉറപ്പുവരുത്തണമെന്ന് എല്ലാ വിമാന കംപനികള്‍ക്കും ഡി ജി സി എ നിര്‍ദേശം നല്‍കിയിട്ടുണ്ട്.