ന്യൂഡല്‍ഹി :ബുള്ളറ്റു കൊണ്ടുള്ള മുറിവുകള്‍ക്ക് ബാന്‍ഡ് എയ്ഡ് കൊണ്ടുള്ള പരിഹാരമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് എന്ന പരിഹാസവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എക്‌സിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.
”ബുള്ളറ്റു കൊണ്ടുള്ള മുറിവുകള്‍ക്ക് ബാന്‍ഡ് എയ്ഡ് പരിഹാരം. ആഗോള അനിശ്ചിതത്വത്തിനിടയില്‍, നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു മാതൃകാപരമായ മാറ്റം ആവശ്യമാണ്. എന്നാല്‍ ഈ സര്‍ക്കാര്‍ ആശയ പാപ്പരത്തമാണ് നേരിടുന്നത്.” രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
കേന്ദ്ര ബജറ്റില്‍ സംസ്ഥാന സര്‍ക്കാരുകളോടു തുല്യനീതി ഇല്ലെന്നു സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. രാഷ്ട്രീയമായി താല്‍പര്യമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുകയും അല്ലാത്തവരെ ഒഴിവാക്കുകയും ചെയ്യുന്ന സ്വഭാവം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. കേരളത്തിനു നല്ല പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാല്‍ മുണ്ടക്കൈ, ചൂരല്‍മല സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെ ഒരു കാര്യത്തെപ്പറ്റിയും പറഞ്ഞിട്ടില്ല.
നിക്ഷേപം, കയറ്റുമതി, വികസനം എന്നിവയെപ്പറ്റിയാണു കേന്ദ്രമന്ത്രി ദീര്‍ഘമായി പറയുന്നത്. കഴിഞ്ഞ 2 ദശാബ്ദത്തിനുള്ളില്‍ കേരളത്തില്‍ ഉണ്ടായ ഏറ്റവും വലിയ കയറ്റുമതി പ്രോത്സാഹന പദ്ധതിയാണു വിഴിഞ്ഞം തുറമുഖം. എന്നാല്‍ അതിനെപ്പറ്റി ഒരു പരാമര്‍ശവും ബജറ്റിലില്ല. പണവും നല്‍കിയിട്ടില്ല. പ്രധാനപ്പെട്ട ഒരു സ്ഥാപനവും കേരളത്തില്‍ അനുവദിച്ചില്ല. കേരളത്തോടുള്ള ബജറ്റ് സമീപനം അങ്ങേയറ്റം നിരാശാജനകമാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനവിഹിതമായ 73000 കോടി രൂപ നമുക്ക് കിട്ടേണ്ടതാണ്. എന്നാല്‍ എല്ലാം കൂടി കിട്ടിയത് 32000 കോടി രൂപയാണ്. ഇത്തവണത്തെ കണക്കനുസരിച്ച് 14000 കോടിയിലധികം കഴിഞ്ഞ തവണത്തെക്കാള്‍ അധികം ലഭിക്കേണ്ടതാണ്. എന്നാല്‍ 4000 കോടി പോലും കിട്ടുമെന്നു കരുതാനാവില്ല.