പ്രയാഗ്‍രാജ്: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയുടെ മൂന്നാം അമൃതസ്നാനം നടക്കുന്ന തിങ്കളാഴ്ച പഴുതടച്ച സുരക്ഷയുമായി യു.പി. സർക്കാർ.
രണ്ടാം അമൃതസ്നാന ദിവസമുണ്ടായ അപകടപശ്ചാത്തലത്തിലാണ് ബസന്ത് പഞ്ചമി ദിനമായ തിങ്കളാഴ്ചയിലെ അമൃതസ്നാനത്തിന് ‘ഓപ്പറേഷൻ ഇലവൻ’ എന്നപേരിൽ കർശന സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നത്. പ്രദേശത്തേക്ക് വാഹനം കടത്തിവിടില്ല. 40,000 പോലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. അർധസൈനികരുമുണ്ട്.
ഞായറാഴ്ച രാവിലെമുതൽ പ്രയാഗ്‍രാജിലേക്ക് തീർഥാടകരുടെ ഒഴുക്കാണ്.
കഴിഞ്ഞ മൗനി അമാവാസി ദിനത്തിലെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അന്വേഷണസംഘം. തിക്കും തിരക്കും സൃഷ്ടിക്കാൻ ബാഹ്യ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് ജുഡീഷ്യൽ സംഘം സംശയിക്കുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. 16,000 ഫോൺനമ്പറുകൾ സംഘം പരിശോധിച്ചു. എന്നാൽ, ഇവയിൽ ഭൂരിഭാഗവും അപകടമുണ്ടായതിനുശേഷം സ്വിച്ച് ഓഫാണ്.