ബംഗളൂരു: ദാവൻഗരെ സർവകലാശാലയിലെ പ്രഫസർ ഗായത്രി ദേവരാജ് ഉൾപ്പെടെ 10 പേരെ കൈക്കൂലി കേസിൽ സി.ബി.ഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലുള്ള കെ.എൽ.ഇ.എഫ് സർവകലാശാലക്ക് നാക് ഗ്രേഡ് നൽകിയതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ദാവൻഗരെ സർവകലാശാലയിലെ മൈക്രോബയോളജി വിഭാഗത്തിലെ പ്രഫസർ ഗായത്രി ദേവരാജിനൊപ്പം നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (എൻ.എ.എ.സി) ടീമിന്റെ പ്രസിഡന്റും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
ചെന്നൈ, ബംഗളൂരു, വിജയവാഡ, പലാമു, സാംബൽപുർ, ഭോപാൽ, ബിലാസ്പുർ, ഗൗതം ബുദ്ധ നഗർ, ന്യൂഡൽഹി എന്നിവിടങ്ങളിലുൾപ്പെടെ രാജ്യവ്യാപകമായി 20 സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി. റെയ്ഡുകളിൽ 37 ലക്ഷം രൂപയും ആറ് ലാപ്ടോപ്പുകളും ഒരു ഐഫോണും സ്വർണ നാണയങ്ങളും നിരവധി രേഖകളും പിടിച്ചെടുത്തു.