ബംഗളൂരു: മോഷ്ടിച്ച പണം ഉപയോഗിച്ച് കാമുകിയായ നടിക്കായി മൂന്ന് കോടി രൂപയുടെ വീട് നിർമിച്ച യുവാവിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സോളാപൂർ സ്വദേശി പഞ്ചാക്ഷരി സ്വാമിയാണ് (37) അറസ്റ്റിലായത്. പ്രശസ്ത സിനിമ നടിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ബംഗളൂരു നോർത്ത് ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമീഷണർ സാറ ഫാത്തിമ പറയുന്നതിങ്ങിനെ: പ്രതിയായ പഞ്ചാക്ഷരി സ്വാമി മഹാരാഷ്ട്രയിലെ സോളാപൂർ സ്വദേശിയാണ്. വിവാഹിതനും ഒരു കുട്ടിയും ഉണ്ടെങ്കിലും സ്ത്രീകളോട് വളരെ മോശമായി പെരുമാറുന്നയാളാണ്.
2003-ൽ പ്രായപൂർത്തിയാകാത്ത പ്രായത്തിൽ തന്നെ പഞ്ചാക്ഷരി സ്വാമി മോഷണം തുടങ്ങിയതായി അന്വേഷണത്തിൽ വ്യക്തമായി. 2009 ൽ അയാൾ ഒരു ‘പ്രഫഷണൽ’ മോഷ്ടാവായി മാറുകയായിരുന്നു. കുറ്റകൃത്യങ്ങളിലൂടെ കോടിക്കണക്കിന് സ്വത്ത് സമ്പാദിച്ചു. 2014-15-ൽ
പ്രമുഖ നടിയുമായി പ്രണയബന്ധം സ്ഥാപിച്ചു. നടിക്ക് വേണ്ടി കോടികൾ ചെലവഴിച്ചതായി പ്രതി സമ്മതിച്ചു. കൊൽക്കത്തയിൽ മൂന്ന് കോടി രൂപയുടെ വീട് പണിയുകയും 22 ലക്ഷം രൂപയുടെ അക്വേറിയം സമ്മാനമായി നൽകുകയും ചെയ്തു.
2016-ൽ ഗുജറാത്ത് പൊലീസ് സ്വാമിയെ അറസ്റ്റ് ചെയ്ത് ആറ് വർഷം തടവിന് ശിക്ഷിച്ചിരുന്നു. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ നിന്ന് മോചിതനായ ശേഷം വീണ്ടും മോഷണത്തിലേക്ക് മടങ്ങി. പിന്നീട് സമാനമായ കുറ്റകൃത്യങ്ങൾക്ക് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. 2024-ൽ മോചിതനായ ശേഷം തന്റെ താവളം ബംഗളൂരുവിലേക്ക് മാറ്റി. അവിടെ വീണ്ടും വീടുകളിൽ മോഷണം നടത്തി. കഴിഞ്ഞ മാസം ഒമ്പതിന് ബംഗളൂരു മഡിവാല പ്രദേശത്തെ ഒരു വീട്ടിൽ മോഷണം നടത്തി. രഹസ്യ വിവരങ്ങൾ ശേഖരിച്ചതിനെ തുടർന്ന് മഡിവാല മാർക്കറ്റ് ഏരിയക്ക് സമീപം വെച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.