Wednesday, February 5, 2025

HomeNewsIndiaനൂറ്റാണ്ടിലേറെ പഴക്കമുള്ള പാമ്പന്‍ പാലം പൊളിക്കുന്നു; ഓര്‍മയാവുന്നത് കടലിടുക്കിലെ കരുത്ത്

നൂറ്റാണ്ടിലേറെ പഴക്കമുള്ള പാമ്പന്‍ പാലം പൊളിക്കുന്നു; ഓര്‍മയാവുന്നത് കടലിടുക്കിലെ കരുത്ത്

spot_img
spot_img

രാമനാഥപുരം: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള, രണ്ടുകിലോമീറ്ററിലേറെ നീളമുള്ള പാമ്പന്‍ പാലം ഓര്‍മയിലേക്ക്. ഏതാണ്ട് ഒരു നൂറ്റാണ്ടോളം ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടല്‍ പാലം എന്ന ബഹുമതി പാമ്പന്‍ പാലത്തിനായിരുന്നു. പാക് കടലിടുക്കിലെ ഇന്ത്യയുടെ എഞ്ചിനീയറിങ് വൈദഗ്ധ്യം കൂടിയാണ് ഈ റെയില്‍വേ പാലം. പുതിയ പാലത്തിന്റെ പണിതീര്‍ത്ത് ഉദ്ഘാടനത്തിനൊരുങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ പഴയ പാലം പൊളിക്കുന്നതിനുള്ള ഉത്തരവ് ദക്ഷിണ റെയില്‍വേ ഉടന്‍ പുറത്തിറക്കും. കപ്പലുകളും മത്സ്യബന്ധനബോട്ടുകളും പോകുന്ന പാതയില്‍, പഴയ പാലത്തിന്റെ സംരക്ഷണം പ്രയാസമാണെന്നതാണ് കാരണം.

ദക്ഷിണേന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ധനുഷ്‌കോടിയും രാമേശ്വരവും. 1914ലാണ് മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ചുകൊണ്ട് കടല്‍പാലം വരുന്നത്. കാലപ്പഴക്കം മൂലം അറ്റകുറ്റ പണികള്‍ അസാധ്യമായതോടെ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം 2022-ല്‍ നിര്‍ത്തിയിരുന്നു. ഇതിന് ശേഷമാണ് പഴയ പാമ്പന്‍ പാലത്തിന് സമാന്തരമായി പുതിയ പാലത്തിന്റെ പണി ആരംഭിച്ചത്.

വാണിജ്യപരമായി പാമ്പന്‍ ദ്വീപിനുണ്ടായിരുന്ന പ്രാധാന്യം കണക്കിലെടുത്ത് 1914-ല്‍ ബ്രിട്ടീഷുകാരാണ് പാമ്പന്‍ പാലം നിര്‍മിച്ചത്. ദ്വീപിലെ തെക്കേ അറ്റമായ ധനുഷ്‌ക്കോടിയില്‍നിന്ന് 16 കിലോമീറ്ററാണ് ശ്രീലങ്കയിലേക്ക്. ധനുഷ്‌കോടി വരെ ട്രെയിനിലും അവിടെനിന്ന് കപ്പലിലും ശ്രീലങ്കന്‍ തീരത്ത് വേഗമെത്താമായിരുന്നു. മറ്റ് യാത്രാമാര്‍ഗങ്ങള്‍ പുരോഗമിച്ചപ്പോള്‍ പാതയുടെ പ്രാധാന്യം കുറഞ്ഞു. ട്രെയിന്‍ സര്‍വീസ് രാമേശ്വരംവരെയായി ഒതുങ്ങി. 2024 ഒക്ടോബറിലാണ് പാമ്പനിലെ പുതിയ പാലം പൂര്‍ത്തിയായത്.

റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പഴയപാലത്തിന് സമാന്തരമായി പാലം നിര്‍മിച്ചത്. നീളം 2.10 കിലോമീറ്റര്‍. ബോട്ടുകള്‍ക്ക് വഴിയൊരുക്കാന്‍ പാലത്തിന്റെ മധ്യഭാഗം ഉയര്‍ത്താനും താഴ്ത്താനും കഴിയും. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തിലാണിത്. തൈപ്പൂയ ആഘോഷദിവസമായ ഫെബ്രുവരി 11-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലം ഉദ്ഘാടനം ചെയ്തേക്കും. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തൈപ്പൂയ ദിനത്തില്‍ ഉദ്ഘാടനമുണ്ടായേക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

1964 ഡിസംബര്‍ 22 നുണ്ടായ ചുഴലിക്കാറ്റ് ധനുഷ്‌കോടിയെ വീണ്ടെടുക്കാനാവാത്തവിധം കശക്കിയെറിഞ്ഞുകളഞ്ഞു. അന്ന് 115 യാത്രികരുള്ള ഒരു ട്രെയിന്‍ പോലും കടലെടുത്തു, പട്ടണവും റോഡും റെയില്‍വേപ്പാളവും നശിച്ചു. പാമ്പന്‍ പാലത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും കപ്പലുകള്‍ വരുമ്പോള്‍ തുറക്കുന്ന ഭാഗത്തിന് തകരാറുണ്ടായില്ല. പ്രതീക്ഷിച്ചതിലും വേഗത്തില്‍ 46 ദിവസം കൊണ്ട് പാമ്പന്‍ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്താണ് എഞ്ചിനീയര്‍ ഇ. ശ്രീധരന്‍ ശ്രദ്ധേയനാവുന്നത്.

1988 ല്‍ റെയില്‍വേ ട്രാക്കിനു സമാന്തരമായി റോഡു വഴിയുള്ള പാലം വരുന്നതു വരെ രാമേശ്വരത്തുള്ളവര്‍ക്ക് വന്‍കരയുമായുള്ള ഏകബന്ധം ഈ പാമ്പന്‍ പാലമായിരുന്നു. ഇന്നും പാമ്പന്‍ പാലമെന്ന എന്‍ജിനീയറിങ് വിസ്മയം രാമേശ്വരത്തും ധനുഷ്‌കോടിയിലും എത്തുന്നവരെ ആകര്‍ഷിക്കുന്നു. പുതിയ പാമ്പന്‍ പാലത്തിന്റെ നിര്‍മാണം 2019 നവംബറില്‍ പ്രഖ്യാപിച്ചപ്പോള്‍, 2022 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ വരവ് പാലത്തിന്റെ നിര്‍മാണം വൈകിപ്പിച്ചു.

രാമേശ്വരം തീര്‍ഥാടകര്‍ക്കും ധനുഷ്‌കോടിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതായിരിക്കും പുതിയ പാമ്പന്‍ പാലം. പഴയ പാലത്തേക്കാള്‍ മൂന്നു മീറ്റര്‍ ഉയരം കൂടുതലുണ്ട് പുതിയ പാമ്പന്‍ പാലത്തിന്റെ തൂണുകള്‍ക്ക്. രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലമാണ് പാമ്പന്‍ പാലമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍പഴ്‌സന്‍ അറിയിച്ചിട്ടുണ്ട്.

ട്രെയിന്‍ നിയന്ത്രണ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചാണ് വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സംവിധാനം പ്രവര്‍ത്തിക്കുക. ബോട്ടുകളും കപ്പലുകളും കടന്നു പോകുമ്പോള്‍ പാലം കുത്തനെ ഉയര്‍ത്തുകയും ട്രെയിന്‍ പോവേണ്ട സമയത്ത് താഴ്ത്തുകയും ചെയ്യും. പാമ്പന്‍ പാലത്തിന്റെ നടുവിലായുള്ള 72.5 മീറ്റര്‍ ഭാഗമാണ് ഇങ്ങനെ ഉയര്‍ത്തുക. 22 മീറ്റര്‍ വരെ ഉയരമുള്ള കപ്പലുകള്‍ക്ക് പാലത്തിനടിയിലൂടെ കടന്നു പോവാനാവും. 18.3 മീറ്റര്‍ അകലത്തിലുള്ള 100 തൂണുകളും നടുവിലായി 63 മീറ്ററുള്ള നാവിഗേഷന്‍ സ്പാനുമാണ് പുതിയ പാലത്തിലുള്ളത്. പുതിയ പാമ്പന്‍ പാലത്തിന്റെ പണി പൂര്‍ത്തിയാവുന്നതോടെ പാമ്പന്‍ ദ്വീപിലേക്കുള്ള യാത്രകള്‍ കൂടുതല്‍ എളുപ്പവും സുരക്ഷിതവുമാവും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments