പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്താന്‍ ദശലക്ഷക്കണക്കിന് ഭക്തരാണ് ഈ വര്‍ഷം കുഭമേളയിലെത്തുന്നത്. എന്നാല്‍ 300 കിലോമീറ്ററോളം നീണ്ട ഗതാഗതക്കുരുക്ക് ഭക്തരെ വലച്ചുകളഞ്ഞു. ആയിരക്കണക്കിന് ജനങ്ങളാണ് ഞായറാഴ്ച കാറുകളില്‍ കുടുങ്ങിയത്.
ലോകത്തിലെ ഏറ്റവും വലിയ മതപരമായ ചടങ്ങിലേക്ക് യാത്ര ചെയ്ത പലരും ലക്ഷ്യസ്ഥാനത്ത് എത്താതെ ഗതാഗതക്കുരുക്കില്‍ പെട്ട് കിടക്കുകയായിരുന്നു. 200 മുതല്‍ 300 കിലോമീറ്റര്‍ വരെ ഗതാഗതക്കുരുക്ക് നീണ്ടുനിന്നതിനാല്‍ പ്രയാഗ്രാജിലേക്ക് യാത്ര ചെയ്യുന്നത് അസാധ്യമായിരുന്നുവെന്ന് മധ്യപ്രദേശിലെ കട്നി, മൈഹാര്‍, രേവ തുടങ്ങിയ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
വളരെ സാവധാനത്തില്‍ മാത്രമാണ് വാഹനങ്ങള്‍ നീങ്ങിയത്. വാരണാസി, ലഖ്നൗ, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രയാഗ്രാജിലേക്കുള്ള റോഡുകളില്‍ 25 കിലോമീറ്റര്‍ വരെ ഗതാഗതക്കുരുക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രയാഗ്രാജിനുള്ളില്‍ പോലും ഏകദേശം ഏഴ് കിലോമീറ്റര്‍ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു.
ജബല്‍പൂരിന് മുമ്പ് തന്നെ 15 കിലോമീറ്റര്‍ ഗതാഗതക്കുരുക്കാണ്. പ്രയാഗ്രാജിലേക്ക് ഇനിയും 400 കിലോമീറ്റര്‍ ബാക്കിയുണ്ട്. മഹാകുംഭിലേക്ക് പോകുന്നതിനുമുമ്പ് ഗതാഗത അപ്ഡേറ്റുകള്‍ പരിശോധിക്കണം, ഒരു യാത്രക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
വാരാന്ത്യങ്ങളിലെ തിരക്കാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് പോലീസ് പറയുന്നു. വാരാന്ത്യങ്ങളിലെ തിരക്ക് മൂലമാണ് ഗതാഗതക്കുരുക്ക് ഉണ്ടായതെന്നും എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇത് മെച്ചപ്പെടുമെന്നും ഇന്‍സ്‌പെക്ടര്‍ ജനറല്‍ സാകേത് പ്രകാശ് പാണ്ഡെ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ അനുവദിക്കുന്നത്. കുംഭമേള നടക്കുന്ന സ്ഥലത്തേക്ക് എത്താന്‍ ശ്രമിക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടുതലായതിനാല്‍ നീണ്ട ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ടെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കുല്‍ദീപ് സിംഗ് പറഞ്ഞു.
ഫെബ്രുവരി 14 അര്‍ദ്ധരാത്രി വരെ നോര്‍ത്തേണ്‍ റെയില്‍വേയുടെ സംഗം സ്റ്റേഷന്‍ യാത്രക്കാര്‍ക്ക് അടച്ചിടുമെന്ന് പ്രയാഗ്രാജ് ജില്ലാ ഭരണകൂടം അറിയിച്ചു. ഭക്തരുടെ വലിയ തിരക്ക് നിയന്ത്രിക്കുന്നതിനും പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുമാണ് ഈ തീരുമാനമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രയാഗ്രാജ് ഛേകി, നൈനി, പ്രയാഗ്രാജ് ജംക്ഷന്‍, സുബേദര്‍ഗഞ്ച്, പ്രയാഗ്, ഫഫാമൗ, പ്രയാഗ്രാജ് രാംബാഗ്, ജുസി തുടങ്ങിയ മഹാകുംഭ് പ്രദേശത്തെ മറ്റ് സ്റ്റേഷനുകള്‍ യാത്രക്കാര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാം. പ്രയാഗ്രാജ് ജംക്ഷനില്‍ ഒരു ദിശയില്‍ മാത്രമാണ് ട്രെയിന്‍ ഗതാഗതം നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
സംഭവത്തില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രം?ഗത്തെത്തി. ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ സഹായിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിശന്നും ദാഹിച്ചും ക്ഷീണിതരായ ഭക്തരോട് മനുഷ്യത്വത്തോടെ പെരുമാറണമെന്നും ഗതാഗതക്കുരുക്കിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ട് അഖിലേഷ് യാദവ് പറഞ്ഞു. ജനുവരി 13-ന് ആരംഭിച്ച കുംഭമേളയില്‍ 43 കോടിയിലധികം ഭക്തരാണ് എത്തിയത്. ഈ മാസം 26-നാണ് കുംഭമേള അവസാനിക്കുന്നത്.