ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് (80) അന്തരിച്ചു. ബുധനാഴ്ച രാവിലെ ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
1945 മെയ് 20-ന് അയോധ്യയില്‍ നിന്ന് 98 കിലോമീറ്റര്‍ അകലെയുള്ള സന്ത് കബീര്‍ നഗര്‍ ജില്ലയിലാണ് സത്യേന്ദ്ര ദാസ് ജനിച്ചത്. 1992 മാര്‍ച്ച് ഒന്നിനാണ് അദ്ദേഹം അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരിയായി ചുമതലയേറ്റത്. കഴിഞ്ഞ 32 വര്‍ഷമായി ഇവിടെ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
പക്ഷാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന ആചാര്യ സത്യേന്ദ്ര ദാസിനെ ഫെബ്രുവരി മൂന്നിനാണ് ലക്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ആചാര്യ സത്യേന്ദ്ര ദാസിന്റെ നിര്യാണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മൃതദേഹം അയോധ്യയില്‍ എത്തിച്ച് അദ്ദേഹത്തിന്റെ ആശ്രമമായ സത്യ ധാം ഗോപാല്‍ ക്ഷേത്രത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.