കൊച്ചി:∙ 72–ാം ലോക സുന്ദരി മത്സരത്തിന് ഹൈദരാബാദിൽ വേദിയൊരുങ്ങുന്നു. മേയ് 7 മുതൽ 31 വരെ നീളുന്ന രാജ്യാന്തര മത്സരത്തിനായി മിസ് വേൾഡ് ഓർഗനൈസേഷനുമായി നേരിട്ട് കൈകോർക്കുകയാണ് തെലങ്കാന ടൂറിസം വകുപ്പ്. ലോക സുന്ദരി മത്സരത്തിന്റെ ഫിനാലെ ഉൾപ്പെടെ ഒരു മാസം നീളുന്ന വിവിധ സെഷനുകൾക്ക് പൂർണമായും തെലങ്കാന ആതിഥേയത്വം വഹിക്കും.
കഴിഞ്ഞ വർഷം ന്യൂഡൽഹിയിലും മുംബൈയിലുമായി നടന്ന 71–ാം മിസ് വേൾഡ് പേജന്റിനു തുടർച്ചയായി വീണ്ടും അതിഥിരാജ്യമാകുന്നത് വളരുന്ന സാമ്പത്തികശക്തിയെന്ന ഇന്ത്യയുടെ ബ്രാൻഡ് ഇമേജിന് ലഭിക്കുന്ന അംഗീകാരമാണ്. ഒരേ രാജ്യം തുടർച്ചയായി മത്സരവേദിയാകുന്നത് അപൂർവമാണ്. (ഇംഗ്ലണ്ട് മാത്രമാണ് ഈ രീതിയിൽ രണ്ടു തവണ (1999, 2000) തുടർച്ചയായി ആതിഥേയത്വം വഹിച്ചിട്ടുള്ളത്).
ഇന്ത്യയിലെ 29–ാം സംസ്ഥാനമായി രൂപീകരിക്കപ്പെട്ട തെലങ്കാന, ഒരു ദശാബ്ദം പൂർത്തിയാക്കിയ വേളയിലാണ് ‘മിസ് വേൾഡ്’ മത്സരവേദിയായി ദേശീയ, രാജ്യാന്തര ശ്രദ്ധനേടാനൊരുങ്ങുന്നത്. ‘തെലങ്കാന സരൂർ ആനാ’ എന്ന ടൂറിസം പരസ്യവാചകത്തിന് ഇതിലൂടെ രാജ്യാന്തരശ്രദ്ധ ലഭിക്കുമെന്നത് വലിയ നേട്ടമാണ്. ടൂറിസം രംഗത്തിന്റെ കുതിപ്പു മാത്രമല്ല, ആഗോള ഇവന്റ് കൈകാര്യം ചെയ്യുന്നതിലൂടെ പുതിയ വിപണി സാധ്യതകളുമെത്തും.
ഇന്ത്യയിൽ കഴിഞ്ഞ വർഷം നടന്ന മത്സരത്തിന്റെ വിജയവും സുരക്ഷ, ആതിഥേയത്വം, രാജ്യാന്തര ഇക്കോ സിസ്റ്റം എന്നിവയിൽ തെലങ്കാനയുടെ മികവും എടുത്തുപറഞ്ഞാണ് ചെയർപഴ്സനും സിഇഒയുമായ ജൂലിയ മോർലിയും തെലങ്കാന ടൂറിസം സെക്രട്ടറി സ്മിത സബർവാളും ചേർന്ന് വേദിയുടെ പ്രഖ്യാപനം നടത്തിയത്. ഏതാണ്ട് 140 രാജ്യങ്ങളിലെ മത്സരാർഥികളും പ്രതിനിധികളും ഉൾപ്പെടെയുള്ള സംഘം മത്സരത്തിനോടനുബന്ധിച്ച് ഇന്ത്യയിലെത്തും.