തിരുവനന്തപുരം: കോണ്‍ഗ്രസിലെ കലഹങ്ങള്‍ക്കിടയില്‍ തിരുവനന്തപുരം എം.പി ശശി തരൂര്‍ ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പരന്നിരുന്നു. ഇതേ തുടര്‍ന്ന് തരൂരിന്റെ ഭാവി രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചും, കോണ്‍ഗ്രസില്‍ തുടരുമോ എന്ന കാര്യത്തിലും വ്യാപക ചര്‍ച്ചകളും തുടങ്ങിയിരുന്നു. രാഷ്ട്രീയഭാവി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിജെപിയിലേക്ക് പോകാന്‍ ആലോചനയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശശി തരൂര്‍ ഇപ്പോള്‍.
”ബി.ജെ.പി എന്റെ മറ്റൊരു ഓപ്ഷനല്ല. തന്റെ വിശ്വാസങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന പാര്‍ട്ടിയല്ല. ഇക്കാര്യത്തില്‍ ഹിമന്ത ബിശ്വ ശര്‍മ്മയടക്കം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. ഓരോ പാര്‍ട്ടിക്കും സ്വന്തം വിശ്വാസവും ചരിത്രവുമുണ്ട്. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടേതായ ആശയങ്ങളും ചരിത്രവുമുണ്ട്. മറ്റൊരു പാര്‍ട്ടിയുടെ ആശയങ്ങളുമായി യോജിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതില്‍ ചേരാതിരിക്കുന്നതാണ് നല്ലത്…” തരൂര്‍ പറഞ്ഞു.
എന്നാല്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ തരൂര്‍ തയ്യാറായില്ല. സ്വതന്ത്രനായി നില്‍ക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. സങ്കുചിത രാഷ്ട്രീയചിന്ത തനിക്കില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ബിജെപിയും സംസ്ഥാനതലത്തില്‍ സിപിഎമ്മും കാണിച്ചിട്ടുള്ള മികവ് കോണ്‍ഗ്രസിന് കാണിക്കാനായിട്ടില്ല. മോദിയെയും പിണറായിയെയും താന്‍ വിമര്‍ശിച്ചിട്ടുമുണ്ടെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന് ബൂത്തുതലങ്ങളില്‍ സംഘടനയില്ല. കേഡര്‍ പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഞങ്ങള്‍ക്ക് ധാരാളം നേതാക്കളുണ്ട് എന്നാല്‍ പ്രവര്‍ത്തകരില്ല. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള പദ്ധതിയെ താന്‍ എതിര്‍ക്കുകയാണ്. അത് നമ്മുടെ ഭരണഘടനക്ക് വിരുദ്ധമാണെന്ന് ശശി തരൂര്‍ പറഞ്ഞു.
മുംബൈയില്‍ നിന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് വ്യാപാര സെക്രട്ടറി ജോനാഥന്‍ റെനോള്‍ഡ്‌സുമൊത്തുള്ള സെല്‍ഫി ശശി തരൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്ന് തരൂരിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടിരുന്നു. ഇതിനിടയിലാണ് പുതിയ വിശദീകരണം പുറത്തുവരുന്നത്.