മഹാശിവരാത്രിയോടെ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടന്നുവന്നിരുന്ന മഹാകുംഭമേള കൊടിയിറങ്ങി. ‘ഐക്യത്തിന്റെ മഹായാഗം പൂര്‍ത്തിയായി’ എന്നാണ് ഇതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. തീര്‍ത്ഥാടനത്തിനിടെ ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
’’ പ്രയാഗ് രാജില്‍ 45 ദിവസം നീണ്ടുനിന്ന ഐക്യത്തിന്റെ മഹാകുംഭമേളയില്‍ 140 കോടി ഇന്ത്യന്‍ പൗരന്‍മാരുടെ വിശ്വാസം ഒത്തുച്ചേര്‍ന്നു. വളരെ സന്തോഷകരമായ നിമിഷങ്ങളായിരുന്നു ഇത്. മഹാകുംഭമേള അവസാനിച്ചതിന് ശേഷം മനസില്‍ വന്ന ചിന്തകള്‍ എഴുതാന്‍ ശ്രമിക്കുന്നു,’’ മോദി എക്‌സില്‍ കുറിച്ചു.
’’ പുതിയ ബോധത്തോടെ ഒരു ജനത ഉണര്‍ന്നു. നൂറുകണക്കിന് വര്‍ഷത്തെ അടിമത്തത്തിന്റെ എല്ലാ ചങ്ങലകളും തകര്‍ത്ത് കൃത്യമായ അവബോധത്തോടെ അവര്‍ മുന്നോട്ടുവരുന്നു. ജനുവരി 13 മുതല്‍ പ്രയാഗ് രാജില്‍ ഐക്യത്തിന്റെ മഹാകുംഭമേളയാണ് അരങ്ങേറിയത്,’’ മോദി പറഞ്ഞു.
45 ദിവസം നീണ്ടുനിന്ന മഹാകുംഭമേള ഫെബ്രുവരി 26നാണ് അവസാനിച്ചത്. ദീപാലങ്കാരങ്ങളോടെയും പുഷ്പവൃഷ്ടിയോടെയുമാണ് മഹാകുംഭമേള ചടങ്ങുകള്‍ അവസാനിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന പ്രയാഗ് രാജിലെ മഹാകുംഭമേള മഹാശിവരാത്രി രാത്രിയില്‍ നടന്ന അമൃത സ്‌നാനത്തോടെയാണ് അവസാനിച്ചത്. ഒന്നരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ എത്തിയ കുംഭമേളയ്ക്ക് 66 കോടിയേലേറെ പേര്‍ എത്തിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ജനുവരി 13നാണ് മഹാകുംഭമേള ആരംഭിച്ചത്. രാഷ്ട്രീയ നേതാക്കള്‍, സെലിബ്രിറ്റികള്‍, കായിക താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഗംഗാ-യമുന-സരസ്വതി സംഗമസ്ഥാനമായ ത്രിവേണി സംഗമത്തില്‍ മുങ്ങി പുണ്യസ്‌നാനം ചെയ്യാനെത്തിയത്. കുംഭമേളയ്ക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയൊരുക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം,എഐ ക്യാമറകള്‍ എന്നിവയും സര്‍ക്കാര്‍ ഒരുക്കിയിരുന്നു.