യുനൈറ്റഡ് നേഷന്‍സ്: സുമി നഗരത്തില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ യുക്രൈനും റഷ്യയും ഫലവത്തായ നടപടി എടുക്കാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ.
യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണ് ഇന്ത്യ ആശങ്ക പങ്കുവെച്ചത്.
സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഫലവത്തായില്ലെന്ന് യു.എന്നിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.എസ് തിരുമൂര്‍ത്തി ചൂണ്ടിക്കാട്ടി.
‘ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ ഒരു ഇടനാഴി യാഥാര്‍ത്ഥ്യമാകാത്തതില്‍ ആശങ്കയുണ്ട്. വിഷയത്തിലെ ഗൗരവം റഷ്യയെയും യുക്രൈനെയും ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത ഇടനാഴി സൃഷ്ടിക്കാനായില്ല’- അദ്ദേഹം പറഞ്ഞു.
യുക്രൈനില്‍ നിന്നുള്ള എല്ലാ സിവിലിയന്മാര്‍ക്കും പൗരന്മാര്‍ക്കും സുരക്ഷിതവും തടസമില്ലാത്തതുമായ യാത്രാമാര്‍ഗം വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.