ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്ര ജലക്കമ്മീഷനും സുപ്രീംകോടതി മേൽനോട്ട സമിതിയും. അണക്കെട്ടിന് കാര്യമായ പ്രശ്‌നമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ജലക്കമ്മീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. അണക്കെട്ടിന് പ്രശ്‌നം ഉള്ളതായി കേരളവും തമിഴ്‌നാടും ഉന്നയിച്ചിട്ടില്ലെന്ന് മേൽനോട്ട സമിതിയും സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
2022 മെയ് 9നാണ് സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് പരിശോധന നടത്തിയത്. കേരളത്തിന്റെയും തമിഴ് നാടിന്റെയും പ്രതിനിധികൾ ഈ പരിശോധനയിൽ പങ്കെടുത്തിരുന്നു.
സുരക്ഷാ പരിശോധനയ്ക്കിടെ, അണക്കെട്ടിന് കാര്യമായ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് ആരും മേൽനോട്ട സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
അണക്കെട്ടിന് സാങ്കേതിക തകരാർ ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ല. അണക്കെട്ട് സുരക്ഷയ്ക്ക് കുഴപ്പമില്ലെന്നും, പൂർണ തൃപ്തികരമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.