ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടില്‍ മറ്റൊരു രാഷ്ട്രീയ സഖ്യം കൂടി രൂപപ്പെട്ടു. നടന്‍ കമല്‍ഹാസന്‍ നയിക്കുന്ന മക്കള്‍ നീതി മയ്യം ഡിഎംകയുമായി സഖ്യം ചേര്‍ന്നു. ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും കമല്‍ഹാസനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സഖ്യം സംബന്ധിച്ച തീരുമാനമായത്. ഡിഎംകെ. ആസ്ഥാനമായ അണ്ണാ അറിവാലയത്തിലായിരുന്നു ചര്‍ച്ച. കമല്‍ഹാസന്റെ പാര്‍ട്ടി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഡിഎംകെയുമായി സഖ്യം രൂപീകരിച്ചത്.
എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടി മത്സരിക്കില്ലെന്നാണ് വിവരം.ഡിഎംകെയുമായി നടത്തിയ ചർച്ചയിൽ എംഎന്‍എമ്മിന് രാജ്യസഭാ സീറ്റ് നല്കാൻ തീരുമാനമായി. 2025ൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റാണ് എംഎൻഎമ്മിന് നൽകുക. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിന്റെ സ്ഥാനാർഥികൾക്കായി കമൽഹാസൻ ഉൾപ്പെടെയുള്ള എംഎൻഎം നേതാക്കൾ പ്രചാരണത്തിന് ഇറങ്ങും.
മക്കള്‍ നീതി മയ്യം – ഡിഎംകെ സഖ്യ സ്ഥാനാര്‍ഥിയായി കമല്‍ഹാസന്‍ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റായ കോയമ്പത്തൂര്‍ മണ്ഡലം വിട്ടുനല്‍കാന്‍ അവര്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്നാട്ടില്‍ ഇടത് പാര്‍ട്ടികളുമായുള്ള ഡിഎംകെ സഖ്യത്തിന്‍റെ സീറ്റ് വിഭജനം പൂര്‍ത്തിയായിരുന്നു. സിപിഎമ്മിനും സിപിഐക്കും 2 വീതം സീറ്റുകളാണ് ലഭിക്കുക.