ദക്ഷിണാഫ്രിക്കയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച ചീറ്റകളിലൊരെണ്ണം ഞായറാഴ്ച പ്രസവിച്ചു. അഞ്ച് കുഞ്ഞുങ്ങള്‍ക്കാണ് ചീറ്റ ജന്മം നല്‍കിയതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇതോടെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയ ചീറ്റകള്‍ പ്രസവിച്ച കുഞ്ഞുങ്ങളുടെ എണ്ണം 13 ആയതായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.
ഇണചേരലിനും കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കുന്നതിനും അനുയോജ്യമായ വിധത്തില്‍ ചീറ്റകള്‍ക്ക് സമ്മര്‍ദരഹിതമായ അന്തരീക്ഷം ഉറപ്പാക്കിയ ഫോറസ്റ്റ് ഓഫീസര്‍മാര്‍, മൃഗഡോക്ടര്‍മാര്‍, ഫീല്‍ഡ് സ്റ്റാഫ് എന്നിവര്‍ക്ക് അഭിനന്ദനങ്ങളെന്ന് മന്ത്രി ട്വീറ്റില്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ കുനോ ദേശീയോദ്യാനത്തില്‍ നിലവില്‍ 26 ചീറ്റകളാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചീറ്റകളുടെ പരിപാലനത്തിലും ജനനം സുഗമമാക്കുന്നതിനും ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ പ്രാവീണ്യം നേടുന്നുവെന്നാണ് ഈ ജനനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ഇന്ത്യയുടെ ചീറ്റാ പദ്ധതിയെ വീക്ഷിച്ചുവരുന്ന അന്താരാഷ്ട്ര വന്യജീവി സംഘടനയില്‍പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. വളരെ വേഗത്തിലാണ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ ചീറ്റയുടെ പരിപാലവും നിയന്ത്രണവും പഠിച്ചെടുത്തതെന്നും അത് നേരത്തെ ആസൂത്രണം ചെയ്തത് അനുസരിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെ 2022 സെപ്റ്റംബറിലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇന്ത്യയില്‍ എത്തിച്ചത്. ഇത് കൂടാതെ 2023 ഫെബ്രുവരിയിലും ദക്ഷണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കുനോയില്‍ എത്തിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ വംശനാശം നേരിട്ട ചീറ്റകളെ തിരികെ എത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായായിരുന്നു നടപടി. നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റകൾ 2023 മാര്‍ച്ചിലും ഈ വര്‍ഷം ജനുവരിയിലും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. എന്നാല്‍, ജനനത്തിനൊപ്പും ചീറ്റകളുടെ മരണം റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ചീറ്റകള്‍ക്ക് വളരാന്‍ അനുകൂലമായ ഇടം ഇന്ത്യയില്‍ ഇല്ലെന്നാണ് ചില വന്യജീവി ബയോളജിസ്റ്റുമാര്‍ കാരണമായി ചൂണ്ടിക്കാട്ടിയത്.
പ്രായപൂര്‍ത്തിയായ ഏഴ് ചീറ്റകളും 2023 മാര്‍ച്ചില്‍ ജനിച്ച മൂന്ന് കുഞ്ഞുങ്ങളും ചത്തിരുന്നു. ഉയര്‍ന്ന താപനിലയും നിര്‍ജലീകരണവുമാണ് ചീറ്റകള്‍ ചാകാൻ കാരണമെന്ന് വന്യജീവി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചീറ്റകളുടെ പുനഃരധിവാസം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണെന്ന് ദക്ഷിണാഫ്രിക്കയിലെ മെറ്റാപോപ്പുലേഷന്‍ ഇനീഷ്യേറ്റീവിലെ ചീറ്റ സ്‌പെഷ്യലിസ്റ്റായ വിന്‍സെന്റ് വാന്‍ ഡെര്‍ മെര്‍വ പറഞ്ഞു. ഏഷ്യയിലെ അവയുടെ പുനരഃധിവാസത്തിന്റെ തുടക്കത്തെയാണ് ഇന്ത്യയിലെ ചീറ്റകളുടെ ജനനം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.