ന്യൂഡല്‍ഹി: സിഎഎ അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാനുള്ള പേര്‍ട്ടല്‍ സജ്ജമായി.indiancitizenshiponline.nic.in എന്നതാണ് പോര്‍ട്ടല്‍ വിലാസം. പൗരത്വത്തിന് അപേക്ഷിക്കാന്‍ പോര്‍ട്ടല്‍ വഴിയാകും പൂര്‍ണമായും അവസരം.
പൗരത്വം ലഭിക്കാന്‍ വെബ്‌സൈറ്റിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടയ്ക്കണം. ഇന്ത്യയിലുള്ളവര്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇന്ത്യക്ക് പുറത്തുള്ളവര്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലിന് അപേക്ഷ സമര്‍പ്പിക്കണം. ഇവര്‍ നടത്തുന്ന പരിശോധനകള്‍ക്കു ശേഷമാകും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വം നല്‍കുക.
31,000 പേര്‍ക്ക് പൗരത്വം നല്‍കേണ്ടിവരുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ കണക്ക്. പൗരത്വത്തിന് അപേക്ഷിക്കാന്‍ സ്വന്തം മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും നിര്‍ബന്ധമാണ്. വ്യക്തിയുടെ പശ്ചാത്തലം അടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം പൗരത്വം നല്‍കുമെന്നാണ് പോര്‍ട്ടലില്‍ പറയുന്നത്. സിഎഎ പ്രാബല്യത്തില്‍ കൊണ്ടുവന്ന നടപടിക്കെതിരെ വലിയ വിമര്‍ശനമുയരുമ്പോഴും പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത് കേന്ദ്രസര്‍ക്കാര്‍ നേട്ടമാക്കി ഉയര്‍ത്തിക്കാട്ടുകയാണ് ബിജെപി. മോദിയുടെ ?ഗ്യാരണ്ടി നടപ്പാകുമെന്നതിനു തെളിവാണിതെന്നാണ് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത് പറഞ്ഞത്.