ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ അക്രമം വര്‍ധിച്ചെന്ന് യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട്. കഴിഞ്ഞ 75 ദിവസത്തിനുള്ളില്‍ 161 കേസുകളാണ് ക്രൈസ്തവ വിഭാഗക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മതപരിവര്‍ത്തന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വ്യാജ കേസുകള്‍ എടുക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഉത്തര്‍ പ്രദേശില്‍ സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്ത കേസ് വരെയുണ്ട്. ജന്മദിനാഘോഷങ്ങളെ പോലും മതാഘോഷമായും മതപരിവര്‍ത്തന പരിപാടിയുമാക്കി തെറ്റിദ്ധരിപ്പിച്ച് വ്യാജ കേസുകളാണ് എടുത്തിട്ടുള്ളത്.
ഛത്തീസ്ഗഡില്‍ കുടിവെള്ളം പോലും ക്രൈസ്തവര്‍ക്ക് നിഷേധിക്കുന്നു. പൊതുസമൂഹം കുടിവെള്ളം ശേഖരിക്കുന്ന പൈപ്പില്‍ നിന്ന് ക്രൈസ്തവര്‍ക്ക് വെള്ളം ശേഖരിക്കുന്നതിന് വിലക്കുണ്ട്. ക്രിസ്തുമത ആചാരപ്രകാരമുള്ള മരണാനന്ത ചടങ്ങുകളും അനുവദിക്കുന്നില്ല. ഹിന്ദു വിശ്വാസ പ്രകാരം ഘര്‍വാപസി നടത്താന്‍ നിര്‍ബന്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.