ന്യൂഡൽഹി∙ സത്യം ജയിച്ചെന്ന് കേജ്‍രിവാളിന്റെ അറസ്റ്റിനു പിന്നാലെ ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ്. സത്യം ജയിക്കണമെന്നും കേജ്‍രിവാളിന്റെ പാപത്തിന്റെ ഫലം അദ്ദേഹം അനുഭവിക്കണമെന്നും സച്ച്ദേവ് പറഞ്ഞു. മദ്യനയ അഴിമതി കേസിൽ 2020 മുതൽ കേജ്‍രിവാൾ ഒളിച്ചുകളിക്കുകയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ നാടകങ്ങൾക്ക് ഇതോടെ അന്ത്യമായിരിക്കുകയാണ്. കേജ്‍രിവാളും ആം ആദ്മി സർക്കാരും ചേർന്ന് ഡൽഹിയിലെ യുവാക്കളെ മദ്യാസക്തിയിലേക്ക് തള്ളിവിടാനുള്ള ഗൂഢശ്രമമാണ് ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്ത നടപടി ഭരണഘടനവിരുദ്ധവും വലിയൊരു തെറ്റുമാണെന്ന് പ്രിയങ്ക ഗാന്ധി. രാഷ്ട്രീയ ലാഭത്തിനായി ഇത്രയും തരംതാഴ്ന്നു പ്രവർത്തിക്കുന്നത് പ്രധാനമന്ത്രിക്കോ ബിജെപിക്കോ നല്ലതല്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയും നാണംകെട്ട സംഭവവികാസങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.
ഭയചകിതനായ ഏകാധിപതി മൃതമായ ജനാധിപത്യം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടത്. മാധ്യമങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളെ പിടിച്ചെടുക്കുന്നു, പാർട്ടികളെ തകർക്കുന്നു, കമ്പനികളിൽനിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നു, പ്രധാന പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നു. എന്നിട്ടും മതിയാകാത്ത ഈ പൈശാചിക ശക്തി ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് സാധാരണ കാര്യമായി മാറ്റിയിരിക്കുന്നു. രാഹുൽ പറഞ്ഞു.
അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെ അപലപിച്ച് ഇന്ത്യ സഖ്യം രംഗത്ത് വന്നു. കേന്ദ്ര ഏജൻസികൾ ബിജെപിയുടെ പാവകളായി പ്രവർത്തിക്കുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി. എഎപിക്ക് 400 സീറ്റ് കിട്ടില്ലെന്ന് കേജ്‌രിവാളിന്റെ അറസ്റ്റോടെ തെളിഞ്ഞെന്നായിരുന്നു ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടത്.