സാങ്കേതികരംഗത്ത് നിർമ്മിതബുദ്ധി വിപ്ലവം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രമുഖ വ്യവസായിയും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്സും തമ്മിൽ നടന്ന ചർച്ച ലോക ശ്രദ്ധയാകർഷിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ നിർമ്മിതബുദ്ധി ലോകത്തെ എങ്ങനെയെല്ലാമാണ് ബാധിക്കാൻ പോകുന്നതെന്നും പുത്തൻ സാങ്കേതികവിദ്യയുടെ കാര്യത്തിൽ ആഗോളതലത്തിൽ തന്നെ ഇന്ത്യക്ക് എങ്ങനെ മുന്നിൽ നിൽക്കാൻ സാധിക്കുമെന്നുമുള്ള കാര്യങ്ങളാണ് പ്രധാനമായും ചർച്ചയിൽ വന്നത്.
ഇരുവരും തമ്മിൽ നടന്ന ചർച്ചയുടെ വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. സാങ്കേതിക മേഖലയിലെ വിദഗ്ദരും ലോക നേതാക്കളുമെല്ലാം വളരെ ശ്രദ്ധയോടെയാണ് ഇരുവരുടെയും കൂടിക്കാഴ്ചയെ നോക്കി കാണുന്നത്. ഇന്ത്യക്കാർ പുത്തൻ സാങ്കേതിക വിദ്യയെ പെട്ടെന്ന് ഏറ്റെടുക്കുന്നവർ മാത്രമല്ല, ആ മേഖലയിൽ ലോകത്തിന് തന്നെ മാതൃകയായ രാജ്യമാണെന്ന് ബിൽ ഗേറ്റ്സ് പ്രധാനമന്ത്രി യോട് പറഞ്ഞു.
“സാങ്കേതിക വിദ്യ എല്ലാവരുടെയും അവകാശമാണെന്നും അത് എല്ലാവർക്കും ലഭ്യമാക്കണമെന്നുമുള്ള ആശയം ലോകത്തിന് മുന്നിൽ വെക്കുന്നത് ഇന്ത്യയാണ്,” ബിൽ ഗേറ്റ്സ് പറഞ്ഞു. ഗ്രാമീണ ഇന്ത്യയിൽ സാങ്കേതിക വിദ്യയുടെ സൌകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടത് എങ്ങനെയെന്നാണ് താൻ ചിന്തിക്കുന്നതെന്ന് ചർച്ചക്കിടയിൽ മോദി ബിൽ ഗേറ്റ്സിനോട് പങ്കുവെച്ചു.
നിർമ്മിത ബുദ്ധി ലോകത്തിന് ഏറെ ഗുണം ചെയ്യുന്നതോടൊപ്പം തന്നെ വലിയ വെല്ലുവിളികളും ഉയർത്തുന്നുണ്ടെന്ന് മോദി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വ്യക്തമായി മനസ്സിലാക്കുന്നതിനും മറ്റുമായി സമഗ്രമായ പഠനം തന്നെ നടക്കേണ്ടതുണ്ട്. ആളുകൾക്ക് ഇതിൽ മികച്ച പരിശീലനം തന്നെ ലഭ്യമാക്കണം. എഐ വഴി പുറത്ത് വരുന്ന കണ്ടൻറുകൾക്ക് പ്രത്യേക വാട്ടർമാർക്ക് നൽകണമെന്ന ആശയവും മോദി ബിൽ ഗേറ്റ്സിനോട് പങ്കുവെച്ചു.
ഇന്ത്യയിൽ തൻെറ സർക്കാർ നടപ്പിലാക്കുന്ന പുത്തൻ പദ്ധതികളെക്കുറിച്ചും മോദി ബിൽ ഗേറ്റ്സിനോട് വിശദീകരിച്ചു. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതിയായ നമോ ഡ്രോൺ ദീദി പ്രോഗ്രാം രാജ്യത്ത് വിജയകരമായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്ന് മോദി പറഞ്ഞു. സ്ത്രീകളെ ഡ്രോൺ പൈലറ്റിങ് കഴിവുകൾ പഠിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത് സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനൊപ്പം ഗ്രാമീണ മേഖലയിലെ വികസനത്തിനും കാരണമാവുന്നുണ്ടെന്ന് മോദി പറഞ്ഞു.
“സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ പല തരത്തിലുള്ള ഏറ്റക്കുറച്ചിലുകളും കാണുന്നുണ്ട്. എന്നാൽ അത്തരത്തിലൊരു വിഷയം ഇന്ത്യയിൽ ഉണ്ടാവാൻ പാടില്ലെന്ന് ഞാൻ നേരത്തെ ചിന്തിച്ച് ഉറപ്പിച്ചിരുന്നു. സാങ്കേതിക വിദ്യയുടെ സൌകര്യമെന്നത് തന്നെ അതിവേഗം മാറുന്ന പുതിയ കാലത്ത് അത്യന്താപേക്ഷിതമായ കാര്യമാണ്. ഇന്ത്യയിൽ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന കാര്യത്തിൽ സ്ത്രീകളാണ് ഏറെ മുന്നിലുള്ളത്. നമോ ഡ്രോൺ ദീദി പദ്ധതി രാജ്യത്ത് നടപ്പിലാക്കാൻ കാരണം അത് തന്നെയാണ്. പദ്ധതി വിജയകരമായി തന്നെ മുന്നേറുന്നുണ്ട്,” ബിൽ ഗേറ്റ്സിനോട് സംസാരിക്കവേ പ്രധാനമന്ത്രി മോദി പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിലാണ് ബിൽ ഗേറ്റ്സ് ഇന്ത്യയിൽ സന്ദർശനം നടത്തിയത്. ഇന്ത്യയിൽ സാങ്കേതിക വിദ്യയുടെ സൌകര്യം താഴേത്തട്ടിൽ എത്തിക്കുന്ന കാര്യവും സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന നൂതന വികസന പ്രവർത്തനങ്ങളും തന്നെ ഏറെ ആകർഷിച്ചിട്ടുണ്ടെന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു. നിർമ്മിത ബുദ്ധി ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കുന്ന കാര്യത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്ക് മാതൃകയാകുമെന്ന കാര്യത്തിൽ തനിക്ക് സംശയമൊന്നും തന്നെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.