തിരുവനന്തപുരം: ദമാമിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരൻ സുരക്ഷാ ലംഘനം നടത്തി. ശുചിമുറിയിൽ സിഗരറ്റ് വലിച്ചതിന് ആലപ്പുഴ മാന്നാർ ഇരമത്തൂർ സ്വദേശിയായ 54 കാരനെ അധികൃതർ പിടികൂടി. ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ചാണ് ഇയാൾ സിഗരറ്റ് കത്തിച്ചത്. ശുചിമുറിയിൽ പുക ഉയർന്നതോടെ വിമാനത്തിലെ സുരക്ഷാ അലാറം മുഴങ്ങിയപ്പോഴാണ് സംഭവം ജീവനക്കാർ അറിഞ്ഞത്. തുടർന്ന് ജീവനക്കാർ ഇയാളെ പിടികൂടുകയായിരുന്നു. യാത്രക്കാരനെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
വിമാനയാത്രയിൽ തീപിടിക്കുന്ന വസ്തുക്കൾ കൈവശം വയ്ക്കുന്നത് നിയമ ലംഘനമാണ്. എയർ ഇന്ത്യ എക്സ്പ്രസിലെ സുരക്ഷാ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. 2023 ജൂലൈയിൽ പുണെയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലും സമാനമായ സംഭവം ഉണ്ടായിരുന്നു. വിമാനത്തിനുള്ളിൽ സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചതിന് മഹാരാഷ്ട്ര സ്വദേശി ശിവദാസിനെ അന്ന് അധികൃതർ പിടികൂടിയിരുന്നു. തീപ്പെട്ടി ഒളിപ്പിച്ചു കടത്തിയ ശിവദാസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ശുചിമുറിയിൽ വെച്ചാണ് സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചത്.