ഹൈദരാബാദ്∙ പ്രശസ്ത പിന്നണി ഗായിക കൽപന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിസാംപേട്ടിലെ വസതിയിൽ വച്ച് ഉറക്കഗുളിക കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. രണ്ടു ദിവസമായിട്ടും വീടിന്റെ വാതിൽ അടഞ്ഞ് കിടക്കുന്നതു കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. പിന്നാലെ പൊലീസെത്തി വീട് തുറന്നു നോക്കിയപ്പോഴാണ് കൽപനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവ സമയത്ത് കൽപനയുടെ ഭർത്താവ് ചെന്നൈയിലായിരുന്നു. വെന്റിലേറ്റർ സഹായത്താലാണ് ജീവൻ നിലനിർത്തുന്നതെന്നാണ് വിവരം. ഗായകൻ ടി.എസ്. രാഘവേന്ദ്രയുടെ മകളാണ് കൽപന. നിരവധി സംഗീത റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.