വരുമാനം ഉറപ്പാക്കുന്നതിനും അതുവഴി സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനുമായി ഗ്രാമീണ ഇന്ത്യയിലെ ഒരു കൂട്ടം സ്ത്രീകള്‍ വ്യത്യസ്തമായ വരുമാനം മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ്. വിളകളില്‍ വളവും കീടനാശിനികളും ഡ്രോണ്‍ ഉപയോഗിച്ച് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിപ്പിക്കുകയാണ് അവര്‍.
കേന്ദ്രസര്‍ക്കാര്‍ 2023ല്‍ അവതരിപ്പിച്ച ഡ്രോണ്‍ ദീദി അഥവാ ഡ്രോണ്‍ സിസ്‌റ്റേഴ്‌സ് സംരംഭത്തിന്റെ ഭാഗമായാണ് ഇത്. ഈ പദ്ധതിയുടെ കീഴില്‍ ഇതുവരെ 500 ഡ്രോണുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം ഡിസംബറില്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.
സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ വഴി കാര്‍ഷിക സേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഡ്രോണുകള്‍ നല്‍കുന്നതാണ് ഈ പദ്ധതി. 15,000 ഡ്രോണുകള്‍ വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പഞ്ചാബിലെ വടക്കന്‍ ജില്ലയില്‍ നിന്നുള്ള രൂപീന്ദര്‍ കൗര്‍ 2024ലാണ് ഈ പദ്ധതിയുടെ ഭാഗമായത്. കൃഷിഭൂമിയില്‍ കീടനാശിനികളും വളങ്ങളും തളിക്കുന്നതിന് 25 കിലോഗ്രാം മുതല്‍ 35 കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. ഡ്രോണുകളലെല്‍ കാനിസ്റ്ററുകളില്‍ കീടനാശിനിയും വളങ്ങളും നിറയ്ക്കുക, തുടര്‍ന്ന് വിളകളില്‍ വളപ്രയോഗം നടത്തുക, വിദൂരത്തിരുന്ന് അവ നിയന്ത്രിക്കുക എന്നിവയാണ് ഈ ദൗത്യത്തിലുള്‍പ്പെടുന്നത്.
ഇത് അത്ര എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ച് മുമ്പ് വീട്ടില്‍ തന്നെ കഴിഞ്ഞിരുന്ന സ്ത്രീകള്‍ക്ക്. ഈ ജോലി സമൂഹത്തിലും വീട്ടിലും കുടുംബത്തിലും ഞങ്ങള്‍ക്കുള്ള ബഹുമാനം വര്‍ധിപ്പിച്ചു, രൂപീന്ദര്‍ കൗര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു ദിവസം നാല് ഹെക്ടര്‍(10 ഏക്കര്‍)സ്ഥലത്ത് വളപ്രയോഗം നടത്താന്‍ ഡ്രോണുകള്‍ക്ക് കഴിയും. അതില്‍നിന്ന് പ്രതിനിധിനം 45,00 രൂപയുടെ വരുമാനം നേടാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു.
സമയം ലാഭിക്കാനും തൊഴിലാളി ക്ഷാമം പരിഹരിക്കാനും വയലുകളിലെ ക്ഷുദ്രജീവികളുടെ ഉപദ്രവം മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാനും ഈ ഉപകരണങ്ങള്‍ സഹായിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
ഈ വരുമാനത്തില്‍ നിന്ന് ഇപ്പോള്‍ ഞങ്ങളുടെ കുടുംബത്തിലെ കാര്യങ്ങള്‍ നന്നായി മുന്നോട്ട് പോകുന്നുണ്ട്. ഇതിലൂടെ എന്റെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും എനിക്ക് മികച്ച കരിയര്‍ കെട്ടിപ്പടുക്കാനും ഇതിലൂടെ കഴിയുന്നുണ്ട്, ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്ന രാജ്ബിര്‍ കൗര്‍ എന്ന സ്ത്രീ പറഞ്ഞു.