പാലക്കാട്: സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. പോലീസും എക്‌സൈസും മയക്കുമരുന്നുമായി പിടിക്കപ്പെടുന്ന പ്രതികളെ പിന്‍വാതിലൂടെ വിട്ടയയ്ക്കുകയാണെന്നു സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാത്തോലിക്ക ബാവ കുറ്റപ്പെടുത്തി.
ലഹരിക്കേസുകളില്‍ സംസ്ഥാനത്ത് ശിക്ഷിക്കപ്പെടുന്നവര്‍ കുറവാണെന്നും പിടിക്കപ്പെടുന്നവരെ ഉടനിറക്കി വീണ്ടും അവര്‍ക്ക് വിപണനം നടത്താന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
പരമാവധി ശിക്ഷ നല്‍കാന്‍ പൊലീസ് തയാറാകുന്നില്ല. ലഹരി വ്യാപനം തടയാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങളും ശിക്ഷയും മാതൃകയാക്കണമെന്നും പിടികൂടുന്നവര്‍ക്ക് പരമാവധി ശിക്ഷയും നിയമവും വേണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ സന്ദേശം നല്‍കുന്ന സിനിമകളെ നിയന്ത്രിക്കണം. സര്‍ക്കാര്‍ മദ്യമല്ല പ്രധാന വരുമാനമാകേണ്ടതെന്നും പിരിക്കാത്ത ടാക്‌സ് പിരിച്ചെടുക്കാനാണ് തയാറാകേണ്ടതെന്നും കത്തോലിക്ക ബാവ പറഞ്ഞു. കക്ഷി രാഷ്ട്രീയഭേദമന്യേ ലഹരിക്കെതിരെ പോരാടണമെന്നും കൂട്ടായ്മ ഉയര്‍ന്നു വരണമെന്നും കാത്തോലിക്ക ബാവ പറഞ്ഞു.