ബന്‍സ്വര: ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ ബന്‍സ്വര ജില്ലയിലെ സോദ്ലദുധ ഗ്രാമത്തിലെ 125 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയം ക്ഷേത്രമാക്കി മാറ്റിയെന്ന് റിപ്പോര്‍ട്ട്. പള്ളിയിലെ കുരിശ് മാറ്റി കാവി പൂശുകയും ത്രിശൂലത്തിന്റെ പടം വരയ്ക്കുകയും ബൈബിള്‍ വാക്യങ്ങള്‍ക്ക് പകരം ‘ജയ് ശ്രീ റാം’ എഴുതുകയും ചെയ്തു. പളളിയിലെ പഴയ പാസ്റ്ററാണ് പുതിയ ക്ഷേത്രത്തിലെ പൂജാരി. ഇക്കഴിഞ്ഞ ഞായറാഴ്ചയോടെ ഘര്‍വാപ്പസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഗോത്രവര്‍ഗക്കാരായ 45 ക്രിസ്തുമത കുടുംബങ്ങളാണ് ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 30 കുടുംബങ്ങളും ഹിന്ദുമതം സ്വീകരിച്ചതായി വിശ്വഹിന്ദു പരിഷത്തുമായി ബന്ധമുള്ള നേതാക്കള്‍ അവകാശപ്പെട്ടു. മൂന്ന് തലമുറകളായി ക്രൈസ്തവ വിശ്വാസത്തില്‍ ജീവിച്ചുവന്ന 45 കുടുംബങ്ങളില്‍ ഇനി 15 കുടുംബങ്ങളാണ് ക്രിസ്ത്യന്‍ വിശ്വാസത്തില്‍ അവശേഷിക്കുന്നത്.
മൂന്നു പതിറ്റാണ്ടു മുമ്പ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച പാസ്റ്റര്‍ ഗൗതം ഗരാസിയയുടെ നേതൃത്വത്തിലാണ് മതംമാറ്റ ചടങ്ങുകള്‍ നടന്നത്. ആരെയും നിര്‍ബന്ധിച്ചില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്കു മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഗരാസിയയുടെ ഭൂമിയിലാണ് പള്ളി നിന്നതെന്നും ഇതാണ് ക്ഷേത്രമാക്കി മാറ്റിയതെന്നും ഇവര്‍ പറഞ്ഞു.
കുരിശടക്കമുള്ള മതചിഹ്നങ്ങള്‍ എടുത്തുമാറ്റിയ ശേഷം ഭൈരവമൂര്‍ത്തിയെ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീരാമന്റെ ചിത്രവും സ്ഥാപിച്ചിട്ടുണ്ട്. ജയ് ശ്രീറാം വിളികളോടെ ഘോഷയാത്രയായാണ് വിഗ്രഹപ്രതിഷ്ഠ നടത്തിയത്. ഗ്രാമത്തെ സംരക്ഷിക്കുന്ന കാവല്‍ ദൈവമായാണ് ഭൈരവനെ കാണുന്നതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ഇതുവരെ ഞായറാഴ്ച ക്രൈസ്തവ ആചാരപ്രകാരം പ്രാര്‍ഥനകള്‍ നടന്ന ഇവിടെ ഇനി എല്ലാ ദിവസവും രാവിലെയും വൈകിട്ടും ആരതിയുണ്ടാകുമെന്ന് ഗരാസിയ പറഞ്ഞു.
ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ സ്ത്രീകള്‍ മതം മാറിയാല്‍ വധശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കുന്ന നിയമനിര്‍മ്മാണം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് വനിതാ ദിനത്തില്‍ പറഞ്ഞിരുന്നു. വ്യതസ്ത മതത്തില്‍പ്പെട്ടവര്‍ ഒന്നിച്ച് താമസിക്കുന്ന നാട്ടില്‍ അവരുടെ വിവാഹങ്ങളും മതംമാറ്റങ്ങളും ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന നിയമനിര്‍മ്മാണം ഉണ്ടാക്കാനിരിക്കുന്ന പ്രത്യാഘാതങ്ങള്‍ കാത്തിരുന്ന് കാണാനേ വഴിയുള്ളൂ.