യുക്രൈനില്‍ സമാധാനത്തിലേക്കുള്ള പാത യുദ്ധകളത്തിലൂടെയല്ല, മറിച്ച് ചര്‍ച്ചാ മേശയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹം ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. സമാധാനം പുനസ്ഥാപിക്കുന്നതിന് യുക്രൈന്‍ അതിന്റെ സഖ്യകക്ഷികളുമായി എണ്ണമറ്റ ചര്‍ച്ചകള്‍ നടത്തിയേക്കാം. എന്നാല്‍, യുക്രൈനും റഷ്യയും ചര്‍ച്ചകള്‍ നടത്തുന്നത് വരെ സമാധാനം കൈവരിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോഡ്കാസ്റ്ററും എഐ ഗവേഷകനുമായ ലെക്സ് ഫ്രിഡ്മാനുമായുള്ള അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്
‘‘എനിക്ക് റഷ്യയുമായും യുക്രൈനുമായും ഒരുപോലെ അടുത്ത ബന്ധമാണുള്ളത്. റഷ്യന്‍ പ്രസിഡന്റ് പുടിനോടൊപ്പമിരുന്ന് ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് എനിക്ക് പറയാന്‍ കഴിയും. കൂടാതെ, യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയോട് സൗഹൃദപരമായ രീതിയില്‍ സഹോദരാ ലോകത്ത് എത്രപേര്‍ നിങ്ങളോടൊപ്പം നിന്നാലും യുദ്ധക്കളത്തില്‍ ഒരിക്കലും ഒരു പരിഹാരവും ഉണ്ടാകില്ലെന്ന് എനിക്ക് പറയാന്‍ കഴിയും,’’ പ്രധാനമന്ത്രി പറഞ്ഞു.നേരത്തെ സമാധാന ചര്‍ച്ചകള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം നിലവിലെ സാഹചര്യം യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്താനുള്ള അവസരം നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘‘യുക്രൈനും റഷ്യയും ഒന്നിച്ചിരുന്ന് ചര്‍ച്ചകള്‍ നടത്തുമ്പോള്‍ മാത്രമെ പ്രമേയം നിലവിൽ വരികയുള്ളൂ. യുക്രൈന്‍ അവരുടെ സഖ്യകക്ഷികളുമായി എണ്ണമറ്റ ചര്‍ച്ചകള്‍ നടത്തിയേക്കാം. പക്ഷേ അത് ഫലവത്താകില്ല. പകരം ചര്‍ച്ചകളില്‍ ഇരുകക്ഷികളെയും ഉള്‍പ്പെടുത്തണം. തുടക്കത്തില്‍ സമാധാനം കണ്ടെത്തുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യം ഇരുരാജ്യങ്ങള്‍ക്കും ഫലപ്രമായ ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കുന്നു,‘‘അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ഇന്ത്യ പക്ഷം പിടിക്കുന്നില്ലെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘‘ധാരാളം പ്രയാസങ്ങള്‍ ഉണ്ടായി. ഗ്ലോബല്‍ സൗത്തില്‍ പോലും ബുദ്ധിമുട്ടുകള്‍ ഉണ്ടായി. ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ പ്രതിസന്ധിയോട് ലോകം മല്ലിടുകയാണ്. അതിനാല്‍ സമാധാനം പിന്തുടരുന്നതിനായി ആഗോള സമൂഹം ഒന്നിച്ചു നില്‍ക്കണം. ഞാന്‍ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണ്. ഞാന്‍ നിഷ്പക്ഷനല്ല, എനിക്ക് ഒരു നിലപാടുണ്ട്. അത് സമാധാനമാണ്,’’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെലന്‍സ്‌കി യൂറോപ്പിന്റെ പിന്തുണ തേടി
ഫെബ്രുവരി 28ന് യുക്രൈൻ പ്രസിഡന്റ് സെലന്‍സ്‌കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ ഇരുവരും കൊമ്പുകോര്‍ത്തിരുന്നു. തുടര്‍ന്ന് റഷ്യയ്‌ക്കെതിരായ യുദ്ധത്തില്‍ യൂറോപ്പില്‍ നിന്നുള്ള നേതാക്കളുടെ പിന്തുണ തേടിയിരിക്കുകയാണ് സെലന്‍സ്‌കി.
യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായും യുക്രൈന് പിന്തുണ നല്‍കിയ മറ്റ് യൂറോപ്യന്‍ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്നതിന് സെലന്‍സ്‌കി ലണ്ടനിലാണുള്ളത്. ചര്‍ച്ചകള്‍ നടത്തി ഒരു സമാധാന കരാര്‍ തയ്യാറാക്കി അത് യുഎസുമായി പങ്കിടാനാണ് തീരുമാനം.