ന്യൂഡല്‍ഹി: വീണ്ടും കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ എംപി. കോവിഡ് കാലത്തെ വാക്‌സീന്‍ നയതന്ത്രം ഇന്ത്യയെ നേതൃപദവിയിലേക്ക് ഉയര്‍ത്തിയെന്ന് തരൂര്‍ പറഞ്ഞു. ‘ദ് വീക്ക്’ മാഗസിനില്‍ എഴുതിയ ലേഖനത്തിലാണ് ശശി തരൂരിന്റെ പരാമര്‍ശം.
”പ്രധാനമന്ത്രിയുടെ വാക്‌സീന്‍ മൈത്രി പദ്ധതി പ്രകാരം നൂറിലധികം രാജ്യങ്ങള്‍ക്ക് കോവിഷീല്‍ഡ്, കോവാക്സീന്‍ എന്നീ ഇന്ത്യന്‍ നിര്‍മിത വാക്‌സീന്‍ വിതരണം ചെയ്തു. കോവിഡ് ഭീകരതയില്‍ ലോകം സ്തംഭിച്ച സമയത്ത് ഇന്ത്യ സഹായഹസ്തം നീട്ടി. ഇതോടെ ലോക നേതാവ് എന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും ഉറപ്പിച്ചു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെയും ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ചൈനയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ വാക്‌സീന്‍ നയതന്ത്രത്തിലൂടെ ഇന്ത്യയ്ക്കു കഴിഞ്ഞു.
സമ്പന്ന രാജ്യങ്ങള്‍ ചെയ്യാതിരുന്നതാണ് ഇന്ത്യ ചെയ്തത്. വാക്‌സീന്‍ കയറ്റുമതി നമ്മുടെ രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ വര്‍ധിപ്പിച്ചു; ഇന്ത്യയുടെ ശ്രമങ്ങള്‍ വ്യാപകമായി വിലമതിക്കപ്പെട്ടു, ഉത്തരവാദിത്തമുള്ള ഒരു ലോക നേതാവെന്ന ഖ്യാതി വര്‍ധിപ്പിച്ചു.” ലേഖനത്തില്‍ തരൂര്‍ പറഞ്ഞു.
അഹമ്മദാബാദില്‍ എഐസിസി സമ്മേളനം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയുള്ള തരൂരിന്റെ പുതിയ ലേഖനം. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, തരൂരിന്റെ നിലപാട് സ്വാഗതം ചെയ്ത് ബിജെപി രംഗത്തുവന്നു. ശശി തരൂരിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മനംമാറ്റമുണ്ടായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.