അഹമ്മദാബാദ്; രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തി. ഇന്ന് രാവിലെ അഹമ്മദാബാദില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ ഗവര്‍ണര്‍ ആചാര്യ ദേവവ്രതും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചേര്‍ന്നാണ് സ്വീകരിച്ചത്.
ബോറിസ് ജോണ്‍സണ്‍ നാളെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക, സുരക്ഷാ സഹകരണം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് സന്ദര്‍ശനത്തിലൂടെ ബോറിസ് ജോണ്‍സണ്‍ ലക്ഷ്യമിടുന്നത്.
പ്രതിരോധം, നയതന്ത്രം, സാമ്ബത്തിക പങ്കാളിത്തം എന്നിവയെക്കുറിച്ച് മോദിയുമായി ചര്‍ച്ച നടത്തും. വിവിധ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചേക്കും. ഭീകരവാദത്തിനെതിരായ നയങ്ങളും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ചര്‍ച്ച നടത്തും. പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം ആദ്യമായിട്ടാണ് ഇന്ത്യയിലെത്തുന്നത്
നേരത്തെ തന്നെ തീരുമാനിച്ചിരുന്ന സന്ദര്‍ശനം കോവിഡ് പ്രതിസന്ധി മൂലം നീട്ടി വെക്കുകയായിരുന്നു.
അഹമ്മദാബാദിലെ ഹയാത്ത് റീജന്‍സി ഹോട്ടലിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ താമസം. ഹോട്ടലിലെ ടോപ്പ് സ്യൂട്ടുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും ജോണ്‍സന്റെ മുറി പൂര്‍ണമായും ബുള്ളറ്റ് പ്രൂഫ് ആയിരിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
ജോണ്‍സണൊപ്പം മറ്റ് നിരവധി പ്രതിനിധികളും എത്തുന്നുണ്ട്. സംസ്ഥാനത്തെ ചരിത്രപരമായ സ്ഥലങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇദ്ദേഹം സന്ദര്‍ശിക്കും. രാവിലെ 8.05ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഗംഭീര വരവേല്‍പ്പാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ തന്നെ ഇദ്ദേഹം അഹമ്മദാബാദിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു. ഇവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ ഗം വഡോദരയിലെ ജെസിബി പ്ലാന്റിലേക്കും പിന്നീട് നേരെ ഗാന്ധി നഗറിലേക്കും അദ്ദേഹം പോകും. ഇവിടുത്തെ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റിയും. ഗുജറാത്ത് ബയോടെക്‌നോളജി യൂണിവേഴ്‌സിറ്റിയും സന്ദര്‍ശിക്കും. ഇവിടെ 200 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.
ശേഷം ഗാന്ധിനഗറിലെ അക്ഷരധാം ക്ഷേത്രം സന്ദര്‍ശിക്കാനും സാധ്യതയുണ്ട്. ഇതിന് ശേഷം ജോണ്‍സണ്‍ അഹമ്മദാബാദിലെ ഹോട്ടലിലേക്ക് മടങ്ങും, അത്താഴത്തിന് ശേഷം അദ്ദേഹം ഡല്‍ഹിയിലേക്ക് പോകും.
റഷ്യ – യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. റഷ്യയെ പരസ്യമായി കുറ്റപ്പെടുത്തുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്ത ബ്രിട്ടണ്‍ യുക്രൈന് സൈനീക സഹായവും നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി ജോണ്‍സണ്‍ തന്നെ യുക്രൈന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ യുദ്ധത്തില്‍ ഇതുവരെ നിഷ്പക്ഷ നിലപാട് സ്വീകരിച്ച ഇന്ത്യ റഷ്യയെ കുറ്റപ്പെടുത്തുന്ന നിരവധി വോട്ടെടുപ്പുകളില്‍ നിന്നും വിട്ട് നിന്നിരുന്നു.