ഡല്‍ഹി: പെഗാസസ് ചാര സോഫ്റ്റ്‍വെയര്‍ വാങ്ങിയിട്ടുണ്ടോയെന്ന് സംസ്ഥാനങ്ങള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി വിധഗ്ധ സമതി.
ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് ഡിജിപിമാര്‍ക്ക് കത്തയച്ചു. വിവരം വേഗത്തില്‍ കൈമാറാനും വിദഗ്ധസമിതി നിര്‍ദേശിച്ചു.
സംസ്ഥാന സര്‍ക്കാറോ സര്‍ക്കാര്‍ ഏജന്‍സികളോ പെഗാസെസ് സോഫ്റ്റ്‍വെയര്‍ വാങ്ങിയിട്ടുണ്ടോ. അല്ലെങ്കല്‍ മറ്റേതെങ്കിലും തരത്തിലുള്ള ഇന്റലിജന്‍സ് ഏജന്‍സികള്‍ സര്‍ക്കാരിനു വേണ്ടി സോഫ്റ്റ്‍വെയര്‍ വാങ്ങിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആരുടെ കയ്യില്‍ നിന്നാണ് ഇതിനായുള്ള അനുമതി വാങ്ങിയത് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 18മാണ് ഇത്തരത്തിലുള്ളൊരു കത്ത് അയച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സുപ്രീം കോടതി ഒരു സ്വതന്ത്ര വിദഗ്ധ സാങ്കേതിക സമിതിയെ നിയമിച്ചത്. മുന്‍ ജഡ്ജിമാര്‍, മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, വ്യവസായികള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകളില്‍ ഗവണ്‍മെന്റ് ഇസ്രായേലി സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ചുവെന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഉത്തരവുണ്ടായിരുന്നു. ഡോ.നവീന്‍ കുമാര്‍ ചൗധരി, ഡോ. പ്രഭാഹരന്‍ പി., ഡോ. അശ്വിന്‍ അനില്‍ ഗുമസ്തെ എന്നിവരാണ് സാങ്കേതിക സമിതിയിലെ അംഗങ്ങള്‍.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശി കുമാര്‍, എഡിറ്റേഴ്സ് ഗില്‍ഡ്, രഹസ്യവിവേചനത്തിന് ഇരയായ വ്യക്തികള്‍ എന്നിവരുള്‍പ്പെടെ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിച്ചാണ് ഉത്തരവ്.
ചന്ദ്രബാബു നായിഡുസര്‍ക്കാര്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ക്കായി പെഗാസസ് വാങ്ങി ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സമിതി രൂപീകരിക്കാനുള്ള പ്രമേയം ആന്ധ്രാപ്രദേശ് നിയമസഭ കഴിഞ്ഞ മാസം പാസാക്കിയിരുന്നു. അഞ്ചു വര്‍ഷം മുമ്ബ് പെഗാസസ് വാങ്ങാനുള്ള വാഗ്ദാനം തന്റെ സര്‍ക്കാര്‍ നിരസിച്ചതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇസ്രായേല്‍ കമ്ബനിയായ എന്‍എസ്‌ഒ ഗ്രൂപ്പിന്റെ ഫോണ്‍ ഹാക്കിംഗ് സോഫ്റ്റ്‍വെയറായ പെഗാസസ് ടാര്‍ഗെറ്റുചെയ്യാന്‍ സാധ്യതയുള്ള 50,000 പേരില്‍ ഇന്ത്യന്‍ മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, വ്യവസായികള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകളും ഉള്‍പ്പെടുന്നുവെന്ന് മാധ്യമസ്ഥാപനങ്ങളുടെയും അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെയും ഒരു അന്താരാഷ്ട്ര കണ്‍സോര്‍ഷ്യം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് 2021 ജൂലൈയില്‍ പെഗാസസ് വിവാദം തുടങ്ങുന്നത്.