പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത വിവാദത്തില്‍ പരിഹാസവുമായി മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
രാജ്യത്തെ പ്രധാനമന്ത്രി പഠിച്ചിരുന്ന സ്ഥാപനം എന്ന നിലയില്‍ ആ കോളജ് അഭിമാനിക്കുകയല്ലേ വേണ്ടിയിരുന്നത്? ഇന്ത്യയില്‍ ബിരുദമുള്ളവരും അതേസമയം, ജോലിയില്ലാത്തവരുമായി ധാരാളം യുവാക്കളുണ്ട്. എന്നാല്‍, ബിരുദത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് ചോദിച്ചാല്‍ പിഴ ചുമത്തുമെന്നും താക്കറെ പറഞ്ഞു. രാജ്യത്തെ പ്രധാനമന്ത്രി പഠിച്ച കോളേജ് എന്ന നിലയില്‍ അഭിമാനിക്കേണ്ട അവസരത്തില്‍ പേര് പുറത്തു പറയാന്‍ ആ കോളേജ് മടിക്കുന്നത് എന്തുകൊണ്ടാണ്? പ്രധാനമന്ത്രി പഠിച്ചിരുന്നതാണെന്ന് അഭിമാനത്തോടെ പറയാന്‍ ആ കോളജ് മുന്നോട്ടുവരാത്തത് എന്തുകൊണ്ടാണ്? ഏത് കോളേജിലാണ് പ്രധാനമന്തി പഠിച്ചത്? താക്കറെ ചോദിച്ചു.
പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് ഗുജറാത്ത് ഹൈക്കോടതി 25,000 രൂപ പിഴ വിധിച്ച സംഭവത്തിലാണ് ഉദ്ധവ് താക്കറെയുടെ കടുത്ത വിമര്‍ശനം.
പ്രധാനമന്ത്രിയുടെ ഓഫീസും ഗുജറാത്ത്, ഡല്‍ഹി സര്‍വകലാശാലകളും കേജ്‍രിവാളിനു വിവരം കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് റദ്ദാക്കിയതിനൊപ്പമാണ് ഗുജറാത്ത് ഹൈക്കോടതി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് 25,000 രൂപ പിഴ ചുമത്തിയത്. ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ബിരേന്‍ വൈഷ്ണവ് ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
മഹാ വികാസ് അഘാഡിയുടെ റാലിയെ അഭിസംബോധന ചെയ്യവെയാണ് ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷ ആക്രമണം നടത്തിയത്.