ഇന്ത്യയുടെ അതിർത്തികൾ ശക്തവും സുരക്ഷിതവുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ അരുണാചലിൽ പറഞ്ഞു. അരുണാചൽപ്രദേശ് വേദങ്ങളിലും പുരാണങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നും അമിത്ഷാ പറഞ്ഞു. കിബിത്തൂ ഇന്ത്യയുടെ അവസാന ഗ്രാമമല്ല ആദ്യ ഗ്രാമം ആണ്, വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അമിത് ഷാ.
സൂര്യന്റെ ആദ്യകിരണങ്ങൾ പതിക്കുന്നത് ഇവിടെയാണ്. അരുണാചൽപ്രദേശിലെ ജനങ്ങളുടെ രാജ്യസ്നേഹത്തെ സല്യൂട്ട് ചെയ്യുന്നു. അരുണാചൽ പ്രദേശിലെ വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ ജനങ്ങൾക്ക് സമാധാനത്തോടെ വീടുകളിൽ ഉറങ്ങാൻ കഴിയുന്നത് അതിർത്തിയിൽ സൈനികർ കാവൽ നിൽക്കുന്നതിനാലാണ്. ഒരാൾക്കും രാജ്യത്തിനുമേൽ ഇന്ന് കണ്ണു വെക്കാൻ കഴിയില്ല. ഇന്ന് ഭീകരവാദത്തിന്റെ യാതൊരു ഭീഷണിയും രാജ്യത്തില്ലെന്നും അമിത്ഷാ പറഞ്ഞു.
രാജ്യം വികസനത്തിന്റെ പാതയിലാണ്. ആർക്കും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ കഴിയില്ല. അതിർത്തിയിലെ സുരക്ഷ ഈ രാജ്യത്തിന്റെ സുരക്ഷയാണ്. മോദി സർക്കാർ അതിർത്തിയിലെ വികസനത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. കോൺഗ്രസ് നൽകുന്നതിനേക്കാൾ അധികം ശ്രദ്ധ അതിർത്തിയിൽ മോദി സർക്കാർ നൽകുന്നു. അമിത്ഷാ പറഞ്ഞു.