ഇന്ത്യയുടെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഏതൊരു ഭീകരനും തക്കതായ മറുപടി സർക്കാർ നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് ചീഫ് എഡിറ്റർ രാഹുൽ ജോഷിയുമായി നടത്തിയ പ്രത്യേക സംഭാഷണത്തിൽ ആണ് അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത്. ഇന്ത്യ, പാക് ഭീകരരെ ലക്ഷ്യം വെച്ച് ആസൂത്രിത കൊലപാതകങ്ങള്‍ നടത്തുന്നുവെന്ന ഇൻ്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച ഗാർഡിയൻ റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“ഭീകരർ പാകിസ്ഥാനിലേക്ക് പലായനം ചെയ്താൽ, ഞങ്ങൾ അവരെ പിന്തുടർന്ന് പാകിസ്ഥാൻ മണ്ണിൽ തന്നെ വകവരുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യം ചെയ്തിരുന്നു… ഇന്ത്യയ്ക്ക് അതിനുള്ള കഴിവുണ്ട്, പാകിസ്ഥാനും അത് മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. വിദേശ മണ്ണിൽ തീവ്രവാദികളെ ഉന്മൂലനം ചെയ്യാനുള്ള വിപുലമായ തന്ത്രത്തിൻ്റെ ഭാഗമായാണ് ഇന്ത്യൻ സർക്കാർ പാകിസ്ഥാനിൽ കൊലപാതകത്തിന് ഉത്തരവിട്ടത് എന്നും യുകെ പത്രമായ ദി ഗാർഡിയനിൽ വന്ന റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ സിങ് പറഞ്ഞു.
കൂടാതെ അയൽക്കാരുമായി സൗഹാർദ്ദപരമായ ബന്ധം നിലനിർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും സിങ് അഭിമുഖത്തിൽ വ്യക്തമാക്കി. “നമ്മുടെ ചരിത്രം നോക്കൂ. നമ്മൾ ഒരു രാജ്യത്തെയും ആക്രമിക്കുകയോ മറ്റേതെങ്കിലും രാജ്യത്തിൻ്റെ ഒരിഞ്ച് സ്ഥലം പോലും കൈവശപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇതാണ് ഇന്ത്യയുടെ സ്വഭാവം. എങ്കിലും നമ്മുടെ മണ്ണിൽ ആരെങ്കിലും ഭീകരത വളർത്തി ഇന്ത്യയെ ഭയപ്പെടുത്താൻ ശ്രമിച്ചാൽ അവരെ വെറുതെ വിടില്ല” അദ്ദേഹം പറഞ്ഞു.
പാക് അധിനിവേശ കശ്മീരിൽ സായുധസേന പ്രത്യേകാധികാര നിയമമെന്ന അഫ്‌സ്പ (AFSPA) അസാധുവാക്കാനുള്ള സമയമായെന്നും എന്നാൽ ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതെന്നും രാജ്‌നാഥ് സിങ് അറിയിച്ചു. നേരത്തെ അഫ്‌സ്പ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഒരു അഭിമുഖത്തിൽ അമിത് ഷായും സൂചിപ്പിച്ചിരുന്നു. ആഭ്യന്തര അസ്വസ്ഥതകള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സായുധ സേനാംഗങ്ങൾക്ക് തിരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും പൊതു ക്രമസമാധാന പരിപാലനത്തിന് ആവശ്യമെന്നു തോന്നിയാൽ വെടിയുതിർക്കാനുമുള്ള അധികാരം അഫ്‌സ്പ നിയമം നൽകുന്നു. കേന്ദ്രഭരണപ്രദേശത്ത് (യുടി) സൈന്യത്തെ പിൻവലിക്കാനും ക്രമസമാധാനം ജമ്മു കശ്മീർ പോലീസിനെ മാത്രം ഏൽപ്പിക്കാനും സർക്കാരിന് പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ബ്രിട്ടീഷ് ദിനപത്രം ദി ഗാർഡിയൻ ഉന്നയിച്ച അവകാശവാദങ്ങൾ വിദേശകാര്യമന്ത്രാലയം തള്ളി. ഇത് തീർത്തും തെറ്റായ റിപ്പോർട്ടാണെന്നും ദുരുദ്ദേശത്തോടെയുള്ള ഇന്ത്യാവിരുദ്ധ പ്രചാരണമാണ് നടന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ നടത്തുന്ന കൊലപാതകങ്ങൾ ഇന്ത്യൻ സർക്കാരിന്റെ നയമല്ല എന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.