തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ 33.31 കോടി(33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് കാലത്ത് രേഖകളില്ലാതെ 50,000 രൂപയിൽ കൂടുതൽ കൈവശം വെച്ചാൽ പൊലീസിന് ആ തുക പിടിച്ചെടുക്കാം. വോട്ടർമാരെ സ്വാധിക്കുന്നത് തടയാൻ വേണ്ടിയാണ് ഈ നടപടി. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 03 വരെയുള്ള കണക്കാണിത്. മതിയായ രേഖകളില്ലാതെ കൊണ്ടുപോയ പണം, മദ്യം, മറ്റ് ലഹരി വസ്തുക്കള്‍, സ്വര്‍ണമടക്കമുള്ള അമൂല്യലോഹങ്ങള്‍, സൗജന്യവിതരണത്തിനുള്ള വസ്തുക്കള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
സംസ്ഥാന പൊലീസ്, ആദായനികുതി വകുപ്പ്, എക്‌സൈസ് വകുപ്പ്, എസ്ജിഎസ്ടി വിഭാഗം, ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്‌സ്‌മെന്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്, നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, മറ്റ് ഏജന്‍സികള്‍ എന്നിവ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വസ്തുക്കള്‍ പിടിച്ചെടുത്തത്. രേഖകളില്ലാതെ കൊണ്ടുപോയ 6.67 കോടി രൂപ, ഒരു കോടി രൂപ മൂല്യമുള്ള 28,867 ലിറ്റര്‍ മദ്യം, 6.13 കോടി രൂപ മൂല്യമുള്ള 2,33,723 ഗ്രാം മയക്കുമരുന്നുകള്‍, 14.91 കോടി രൂപ മൂല്യമുള്ള അമൂല്യ ലോഹങ്ങള്‍, 4.58 കോടി രൂപ മൂല്യമുളള സൗജന്യവസ്തുക്കള്‍ എന്നിവയാണ് വിവിധ ഏജന്‍സികള്‍ പരിശോധനകളില്‍ പിടിച്ചെടുത്തത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വരുംദിവസങ്ങളിലും സംസ്ഥാനത്ത് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന തുടരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പിടിച്ചെടുക്കുന്നവയ്ക്ക് രസീത് ലഭിക്കും. ഇവ ഏതെങ്കിലും സ്ഥാനാർത്ഥിക്ക് വേണ്ടിയല്ല കൊണ്ടപോയതെന്ന് തെളിയിച്ചാൽ ഈ തുക മടക്കി കിട്ടും. ജില്ലാ തലത്തിൽ രൂപീകരിച്ചിട്ടുള്ള സമിതിയെയാണു മടക്കി കിട്ടുന്നതിനായി സമീപിക്കേണ്ടത്. 10 ലക്ഷം രൂപയിലേറെ കണ്ടെത്തിയാൽ ആദായ നികുതി വകുപ്പിനെ അറിയിക്കും. പ്രചാരണത്തിനു പോകുന്നവർക്ക് ഒരു ലക്ഷം രൂപ വരെ സൂക്ഷിക്കാം. എന്നാൽ, എന്തിനു വേണ്ടിയാണെന്നു വ്യക്തമാക്കുന്ന പാർട്ടി ട്രഷററുടെ കത്തു കൈവശം വച്ചിരിക്കണം. 10 ലക്ഷം രൂപയിൽ കൂടുതൽ പണമായി നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്താൽ അക്കാര്യം അറിയിക്കണമെന്നു ബാങ്കുകൾക്കും നിർദേശം നൽകി.