മോമോസ് കടയിലേക്ക് സഹായിയെ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ജോലിയ്ക്ക് വാഗ്ദാനം ചെയ്ത ശമ്പളമാണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. പ്രതിമാസം 25000 രൂപയാണ് ശമ്പളമായി പരസ്യത്തില്‍ പറയുന്നത്. എക്‌സില്‍ പോസ്റ്റ് ചെയ്ത ഈ പരസ്യത്തിന്റെ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.
ഒരു ഐടി കമ്പനിയില്‍ ആദ്യമായി ജോലിയ്ക്ക് കയറുന്നയാള്‍ക്ക് പോലും ഇത്രയധികം ശമ്പളമില്ലെന്നാണ് നിരവധി പേര്‍ ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.അമൃത സിംഗ് എന്ന എക്‌സ് ഉപയോക്താവാണ് പരസ്യത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. ഏത് സ്ഥലത്താണ് ഈ കടയെന്ന കാര്യം പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല. ഹിന്ദിയിലാണ് പരസ്യം.
നിരവധി പേരാണ് ഈ ജോലിയ്ക്ക് അപേക്ഷ നല്‍കുമെന്ന കമന്റുമായി എത്തിയത്. എന്നാല്‍ ജോലി വിചാരിക്കുന്നത് പോലെ എളുപ്പമായിരിക്കില്ലെന്ന് ചിലര്‍ മുന്നറിയിപ്പും നല്‍കി.
’’ രാവിലെ 11 മണി മുതല്‍ രാത്രി 12 മണിവരെ ജോലി ചെയ്യേണ്ടി വരും. ഒന്ന് ഇരിക്കാന്‍ പറ്റില്ല. ഹോളിഡേ ഒന്നും ഉണ്ടാകില്ല. ഇന്‍ഷുറന്‍സും ഉണ്ടാകില്ല,’’ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
’’ ഈ ജോലിയ്ക്ക് ആവശ്യമായ കഴിവുകള്‍ കോളേജില്‍ നിങ്ങളെ പഠിപ്പിക്കുന്നില്ലെന്ന കാര്യം മറക്കരുത്,’’ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
’’ ടിസിഎസിനെക്കാള്‍ മികച്ച ശമ്പളമാണല്ലോ. എവിടെയാണ് ഈ കട?,’’ മറ്റൊരു ഉപയോക്താവിന്റെ കമന്റ്.
’’ സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ജീവനക്കാര്‍ക്കും ഇത്രയധികം ശമ്പളം ലഭിക്കുന്നുണ്ട്. മാസം 25000 മുതല്‍ 30000 വരെ ശമ്പളം അവര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യ ജീവന്‍ രക്ഷിക്കുന്ന ഒരു നഴ്‌സിന് മാസം ലഭിക്കുന്നത് 20000-22000 രൂപയാണ്,‘‘എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
നിരവധി പേരാണ് പോസ്റ്റ് ഏറ്റെടുത്ത് രംഗത്തെത്തിയത്. കുറഞ്ഞ സമയത്തിനുള്ളില്‍ 70000 പേരാണ് പോസ്റ്റ് കണ്ടത്. നൂറിലധികം പേര്‍ കമന്റ് ചെയ്യുകയും ചെയ്തു.