പള്ളി നിർമാണത്തിനായി സംഭാവന ലഭിച്ച മുട്ട ലേലത്തിൽ വിറ്റുകിട്ടിയത് 2.26 ലക്ഷം രൂപ. ശ്രീനഗറിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള സോപോറിലെ മാൽപൂർ ഗ്രാമത്തിലെ പള്ളി നിർമാണത്തിനായി ആളുകൾ പണമായും മറ്റും പല സാധനങ്ങളും കമ്മിറ്റിക്ക് സംഭാവനയായി നൽകിയിരുന്നു. ഇത്തരത്തിൽ സംഭാവനയായി ലഭിച്ച ഒരു മുട്ടയാണ് ലേലത്തിൽ വെച്ചത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വയോധികയാണ് തന്റെ കോഴി ആദ്യമായി ഇട്ട മുട്ട പള്ളിക്ക് സംഭാവനയായി നൽകിയത്.
പണത്തിന് പുറമേ സംഭാവനയായി ലഭിച്ച മറ്റെല്ലാ സാധനങ്ങളും ലേലത്തിന് വെച്ചിരുന്നു. എന്നാൽ ഈ സാധനങ്ങൾ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉണ്ടായിരുന്നത് മുട്ടയ്ക്ക് ആയിരുന്നു. മൂന്നു ദിവസമാണ് മുട്ടയ്ക്ക് വേണ്ടിയുള്ള ലേലം നടന്നത്. ഓരോ റൗണ്ടിനു ശേഷവും പണം മുടക്കി ലേലത്തില്‍ വാങ്ങിയ ആൾ മുട്ട തിരികെ പള്ളി കമ്മിറ്റിക്ക് നല്‍കുകയാണ് ചെയ്തത്. പള്ളിക്കായി കൂടുതൽ ഫണ്ട് സ്വരൂപിക്കാനായാണ് ലേലം വിളിച്ചവർ ഇത്തരത്തിൽ ചെയ്തതെന്നും ഒരു പ്രദേശവാസി പറഞ്ഞു. ലേലം നടന്ന അവസാന ദിവസം യുവ ബിസിനസുകാരനായ ഡാനിഷ് അഹമ്മദ് എന്നയാൾ 70000 രൂപ മുടക്കിയാണ് മുട്ട വാങ്ങിയത്.
പള്ളിയുടെ നിർമ്മാണം എത്രയും വേഗം പൂർത്തിയാകാനും അതിനുവേണ്ടി വലിയ തുക ആവശ്യമായതിനാലും ആണ് ഇത്രയും തുക സംഭാവന നൽകിയതെന്നും അഹമ്മദ് വ്യക്തമാക്കി. ” ഞാൻ ഒരു ധനികനല്ല, പക്ഷേ ഇത് വിശുദ്ധമായ സ്ഥലത്തോടുള്ള എന്റെ വികാരവും അഭിനിവേശവും കൂടിയാണ്” അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി തവണ ലേലത്തിൽ വച്ച ഒരു മുട്ടയിൽ നിന്ന് മാത്രം 2,26,350 രൂപയാണ് പള്ളിക്ക് ലഭിച്ചത്.