രാമനവമി ദിനമായ ഇന്ന് രാം ലല്ലയുടെ തിരുനെറ്റിയിൽ സൂര്യകിരണങ്ങൾ തിലകം ചാർത്തും. സിബിആർഐ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത സംവിധാനത്തിലൂടെയാണ് അയോധ്യ രാമക്ഷേത്രത്തിലെ സൂര്യതിലക ചടങ്ങുകൾ നടക്കുക. തിലക ചടങ്ങിനായി ഒപ്‌റ്റോമെക്കാനിക്കൽ സംവിധാനത്തിൽ ഇൻഫ്രാറെഡ് ഫിൽട്ടറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഫിൽട്ടർ നിർമ്മിച്ചിരിക്കുന്നത് താപം ആഗിരണം ചെയ്യുന്ന പദാർത്ഥം കൊണ്ടാണ്. ഇത് ഉപരിതലത്തിലേക്ക് താപം കൈമാറുന്ന ഹൈ എനർജി ഫോട്ടോണുകളെ തടസ്സപ്പെടുത്തുന്നതിനോ വ്യതിചലിപ്പിക്കുന്നതിനോ ആണ് ഉപയോഗിക്കുന്നത്.
റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിബിആർഐ) ശാസ്ത്രജ്ഞരാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ലെൻസുകളും കണ്ണാടികളുമുപയോഗിച്ചുള്ള ഈ സംവിധാനത്തിലൂടെ സൂര്യരശ്മികൾ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുമ്പോൾ ഉണ്ടാകുന്ന തീവ്രമായ താപത്തെക്കുറിച്ച് ഇവർക്ക് നന്നായി അറിയാം. ഈ പ്രശ്നം പരിഹരിക്കാനാണ് ഇൻഫ്രാറെഡ് ഫിൽട്ടർ സ്ഥാപിച്ചിരിക്കുന്നത്. ഒന്നാം നിലയിലെ ഒരു ദ്വാരത്തിലൂടെയാണ് സൂര്യപ്രകാശം ഗർഭഗൃഹത്തിലേക്ക് പ്രവേശിക്കുന്നത്. ഏപ്രിൽ 17ന് രാവിലെ 11.58ന് ആരംഭിച്ച് 12.03 വരെയാണ് രാംലല്ലയുടെ നെറ്റിയിൽ ‘സൂര്യതിലകം’ ചാർത്തുക.
‘ഗർഭ ഗൃഹ’ത്തിൻ്റെ മുകളിൽ നിന്ന് തെക്ക് ദിശയിൽ നിന്നാണ് ഐആർ ഫിൽട്ടർ ഘടിപ്പിച്ച അപ്പേർച്ചർ വഴി സൂര്യപ്രകാശം പ്രവേശിക്കുക. ലെൻസിലൂടെ അത് ഒരു ബീമിലേക്ക് കേന്ദ്രീകരിക്കും. രാം ലല്ലയുടെ നെറ്റിയിലേക്ക് സൂര്യരശ്മികൾ എത്തിക്കുന്നതിനായി നാല് ലെൻസുകളും നാല് കണ്ണാടികളും അടങ്ങുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഈ ഒപ്‌റ്റോ-മെക്കാനിക്കൽ സംവിധാനം, രാം ലല്ലയിടെ നെറ്റിയുടെ മധ്യഭാഗത്ത് 3.5 മിനിറ്റ് നേരത്തേക്ക് ‘സൂര്യതിലകം’ ചാർത്തും. അതിന് ശേഷം പ്രകാശം അൽപ്പം മങ്ങാൻ തുടങ്ങും.
തെക്ക് ദിശയിലേക്ക് അഭിമുഖമായി, ഒന്നാം നിലയിലെ സ്ലാബിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ആദ്യത്തെ ടിൽറ്റ് മെക്കാനിസം ശ്രീകോവിലിൻ്റെ താഴത്തെ നിലയിലേക്ക് തിരിയുന്നതിന് മുമ്പ് സൂര്യരശ്മികളെ വടക്കോട്ട് തിരിച്ചുവിടും. രാം ലല്ലയുടെ നെറ്റി കിഴക്ക് ദിശയിലാണ്. ഈ സംവിധാനത്തിൽ ബാറ്ററിയോ ഇലക്ട്രോണിക് ഉപകരണമോ ഉപയോഗിച്ചിട്ടില്ല. രാമനവമിയ്ക്ക് ഭഗവാന് ‘സൂര്യതിലകം’ ചാർത്തുന്നതിന് വർഷാവർഷം ചെറിയ ക്രമീകരണങ്ങളോടെ ഈ സംവിധാനം ഉപയോഗിക്കാം.
വിഗ്രഹത്തിൻ്റെ നെറ്റിയിലെ തിലകത്തിൻ്റെ വലിപ്പം 58 മില്ലീമീറ്ററായിരിക്കും. ബെംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സും സ്വകാര്യ കമ്പനിയായ ഒപ്റ്റിക്സ് & അലൈഡ് എൻജും (ഒപ്റ്റിക്ക) സിബിആർഐയിലെ ശാസ്ത്രജ്ഞരുടെ സംഘവും ചേർന്നാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. സിബിആർഐയിൽ നിന്നുള്ള ഡോ.എസ്.കെ.പനിഗർഹിയുടെ നേതൃത്വത്തിൽ ഡോ.ആർ.എസ്.ബിഷ്ത്, പ്രൊഫസർ ആർ.പ്രദീപ് കുമാർ തുടങ്ങിയ വിദഗ്ധരാണ് പദ്ധതിയ്ക്കായി പ്രവർത്തിച്ചിരിക്കുന്നത്. സിബിആർഐ സംഘം തിങ്കളാഴ്ച പുലർച്ചെ അയോധ്യയിൽ എത്തി, ഏപ്രിൽ 17 വൈകുന്നേരം വരെ ക്ഷേത്രത്തിലുണ്ടാകും.