അയോധ്യ രാമക്ഷേത്രത്തിൽ ജനുവരിയില്‍ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കുശേഷം ഇതുവരെ 1.5 കോടി പേര്‍ ദര്‍ശനം നടത്തിയതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍. രാംലല്ലയെ ദര്‍ശിക്കുന്നതിനായി പ്രതിദിനം ഒരു ലക്ഷം ആളുകള്‍ അയോധ്യ സന്ദര്‍ശിക്കുന്നതായി ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ഓരോ ദിവസവും ഒരു ലക്ഷത്തില്‍ അധികം പേരാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്നത്. ജനുവരി 22-ലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം ഇതുവരെ 1.5 കോടി പേര്‍ ക്ഷേത്രത്തിലെത്തി രാം ലല്ലയെ ദര്‍ശിച്ചതായി ചമ്പത് റായ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
കര്‍ണാടക സ്വദേശിയായ അരുണ്‍ യോഗിരാജാണ് 51 ഇഞ്ച് ഉയരമുള്ള രാം ലല്ലയുടെ പ്രതിമ നിര്‍മിച്ചത്. ക്ഷണം സ്വീകരിച്ചെത്തിയ 8000-ല്‍ പരം വിവിഐപികളുടെ സാന്നിധ്യത്തിലായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
14 അടി വീതിയുള്ള സുരക്ഷാ മതില്‍ രാമജന്മഭൂമി ക്ഷേത്രത്തിന് ചുറ്റും നിര്‍മിക്കുമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു. പര്‍കോട്ട എന്നാണ് ഇത് അറിയപ്പെടുക. ‘‘പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുമ്പോള്‍ ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ പണികള്‍ മാത്രമാണ് പൂര്‍ത്തിയായിരുന്നത്. ഒന്നാം നിലയുടെ ജോലികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്,’’ അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രത്തിന്റെ പരിസരത്തായി ആറ് ക്ഷേത്രങ്ങള്‍ കൂടി നിര്‍മിക്കുമെന്ന് ചമ്പത് റായി പറഞ്ഞു. ശിവന്റെയും ഹനുമാന്റെയും ഉൾപ്പെടെയുള്ള പ്രതിഷ്ഠകളായിരിക്കും അവിടെയുണ്ടാകുക. പണികള്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ രാമക്ഷേത്ര പരിസരത്ത് ഒരേ സമയം 25,000 തീര്‍ത്ഥാടകര്‍ക്ക് അവരുടെ ബാഗേജുകള്‍ ഉള്‍പ്പടെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പര്‍ക്കോട്ട വിവിധ ഉദേശങ്ങളോടെയായിരിക്കം നിര്‍മിക്കുക. അവിടെ ശിവൻ, സൂര്യഭഗവാന്‍ എന്നിവര്‍ക്കുള്ള ക്ഷേത്രങ്ങളും, ഹനുമാന്‍ ക്ഷേത്രം, അന്നപൂര്‍ണ ദേവീ ക്ഷേത്രം എന്നിവയും നിര്‍മിക്കും. വാല്‍മീകി, വസിഷ്ഠ, വിശ്വാമിത്രന്‍, അഗസ്ത്യ എന്നീ മഹർഷിമാരുടെ പേരിലുള്ള ക്ഷേത്രങ്ങളും രാമക്ഷേത്ര പരിസരത്ത് നിര്‍മിക്കും. നിഷാദ് രാജ്, മാ ശബരി, മാ അഹല്യ, ജടായു എന്നിവരുടെ ക്ഷേത്രങ്ങളും നിര്‍മിക്കും. ഒരേ സമയം 25,000 തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ക്ഷേത്രത്തിന് ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്ര പരിസരത്തായി 600-ല്‍ പരം ചെടികള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ക്ഷേത്ര ആവശ്യങ്ങള്‍ നിറവേറ്റാന്‍ അയോധ്യക്ക് യാതൊരുവിധ വെല്ലുവിളികളെയും നേരിടേണ്ടി വരില്ലെന്നും റായ് പറഞ്ഞു. ഇവിടെയുള്ള മരങ്ങളും ചെടികളും സംരക്ഷിക്കപ്പെടുന്നു. ജലശുദ്ധീകരണ പ്ലാന്റും മലിനജല ശുദ്ധീകരണ പ്ലാന്റും ഇവിടെയുണ്ട്, അദ്ദേഹം പറഞ്ഞു.
രാമനവമി ആഘോഷങ്ങള്‍
ഏപ്രില്‍ 17നാണ് ശ്രീരാമന്റെ ജന്മദിനമായ രാമ നവമി ആഘോഷങ്ങള്‍ നടന്നത്. പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷമുള്ള ആദ്യത്തെ രാമനവമി അയോധ്യയിൽ ആഘോഷപൂര്‍വം കൊണ്ടാടി. ശ്രീരാംലല്ലയുടെ നെറ്റിയില്‍ സൂര്യ തിലക് പതിപ്പിക്കുന്ന ചടങ്ങും നടത്തിയിരുന്നു. അന്നേ ദിവസം 19 മണിക്കൂര്‍ ക്ഷേത്രം തുറന്നിരുന്നു
അയോധ്യയില്‍ 2.7 ഏക്കര്‍ സ്ഥലത്താണ് രാമക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരമ്പരാഗത നാഗര ശൈലിയില്‍ പണിതുയര്‍ത്ത ക്ഷേത്രത്തിന് 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമുണ്ട്. 392 തൂണുകളും 44 വാതിലുകളുമാണ് ക്ഷേത്രത്തിനുള്ളത്. അഞ്ച് മണ്ഡപങ്ങളുമുണ്ട്.