വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള സിംഹാചലത്തുള്ള ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ മതിൽ ഇടിഞ്ഞുവീണ് എട്ടു പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ ക്യൂ ലൈനിനോട് ചേർന്നുള്ള മതിൽ ഭക്തരുടെ മേൽ ഇടിഞ്ഞു വീഴുകയായിരുന്നു. സംഭവത്തിൽ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ചന്ദനോത്സവത്തോടനുബന്ധിച്ച ചടങ്ങിനിടെ പുലർച്ചെ 2:30ഓടെയാണ് സംഭവം നടന്നത്. നിജരൂപ ദർശനത്തിനായി ഭക്തർ വരിയിൽ നിൽക്കുമ്പോഴാണ് ദുരന്തം. മതിൽ തകർന്നതോടെ ദേശീയ ദുരന്ത നിവാരണ സേന പ്രാദേശിക ഉദ്യോഗസ്ഥരുമായി ചേർന്ന് അടിയന്തര രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ആരംഭിച്ചു.
സംസ്ഥാന ആഭ്യന്തര മന്ത്രി വംഗലപുടി അനിത സംഭവസ്ഥലം സന്ദർശിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിൽ പുതുതായി നിർമ്മിച്ച ക്ഷേത്രഭിത്തി വെള്ളത്തിൽ കുതിർന്നിരുന്നുവെന്നും ഭക്തരുടെ തിരക്കുകാരണമാണ് മതിൽ തകരാൻ കാരണമെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിശാഖപട്ടണം ജില്ലാ കലക്ടർ ഹരേന്ദ്ര പ്രസാദും പോലീസ് കമീഷണർ ശംഖ ബ്രത ബാഗ്ചിയും രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ക്ഷേത്രത്തിലെത്തി. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കലക്ടർ പറഞ്ഞു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും മൃതദേഹങ്ങൾ വിശാഖപട്ടണത്തെ കിങ് ജോർജ് ആശുപത്രിയിലേക്ക് മാറ്റി.