ന്യൂഡെല്‍ഹി: ആകാശച്ചുഴിയില്‍പെട്ട വിമാനത്തെ പറക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് രണ്ട് സ്‌പൈസ് ജെറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു.
ഇവരെ ജോലിയില്‍ നിന്നും നീക്കി. ഡയറക്ടര്‍ ജെനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
മുംബൈയില്‍നിന്ന് പറന്ന വിമാനം ബന്‍ഗാളിലെ ദുര്‍ഗാപൂരില്‍ ഉടന്‍ ഇറക്കുകയായിരുന്നു. ഔദ്യോഗിക അന്വേഷണത്തിനു മുന്‍പേ വിമാനത്തെ ദുര്‍ഗാപൂരില്‍നിന്ന് കൊല്‍കത്തയിലേക്കു പോകാന്‍ അനുവദിച്ചതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തത്.
‘കൊല്‍കത്തയിലെത്തിയ ശേഷമാണ് വിമാനത്തിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് എയര്‍ക്രാഫ്റ്റ് മെയ്ന്റനന്‍സ് എന്‍ജിനിയര്‍, സ്‌പൈസ് ജെറ്റ് മെയിന്റനന്‍സ് കണ്‍ട്രോള്‍ സെന്റര്‍ ഇന്‍ ചാര്‍ജ് എന്നീ ഉദ്യോഗസ്ഥരെയാണു മാറ്റിനിര്‍ത്തിയിരിക്കുന്നതെന്ന് ഡിജിസിഎ അറിയിച്ചു.
ലാന്‍ഡിങ്ങിനിടെ സ്‌പൈസ് ജെറ്റ് വിമാനം ആകാശച്ചുഴിയില്‍പെടുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു യാത്രക്കാര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
ആകാശച്ചുഴിയില്‍പെട്ടതിനെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന പതിനാലു യാത്രക്കാര്‍ക്കും മൂന്നു ജീവനക്കാര്‍ക്കുമാണു പരിക്കേറ്റത്. രണ്ട് യാത്രക്കാരാണ് ദുര്‍ഗാപൂരിലെ ആശുപത്രിയില്‍ ഐസിയുവിലുള്ളത്. ലാന്‍ഡിങ്ങിനിടെ ആകാശചുഴിയില്‍പ്പെട്ടതിനു പിന്നാലെ വിമാനത്തിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വിമാനത്തിന്റെ തറയില്‍ നിരവധി സാധനങ്ങളും ഓക്‌സിജന്‍ മാസ്‌കുകളും ചിതറിക്കിടക്കുന്നതു ദൃശ്യങ്ങളില്‍ കാണാം.
ബാഗുകള്‍ വീണു യാത്രക്കാര്‍ക്ക് തലയ്ക്ക് പരിക്കേറ്റു. മിക്കവര്‍ക്കും തലയില്‍ തുന്നലുണ്ട്. ഒരു യാത്രക്കാരനു നട്ടെല്ലിന് സാരമായ പരിക്കേറ്റതായും റിപോര്‍ടുകളുണ്ട്. സ്‌പൈസ് ജെറ്റിന്റെ എസ്ജി945 വിമാനമാണു ഞായറാഴ്ച വൈകുന്നേരം ലാന്‍ഡിങ്ങിനിടെ ആടിയുലഞ്ഞത്.