പുണെ: ചാരവൃത്തിയുടെ പേരില്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. പ്രദീപ് കുരുല്‍ക്കറിനെയാണു പുണെയില്‍നിന്ന് മുംബൈ എടിഎസ് (തീവ്രവാദ വിരുദ്ധ സേന) അറസ്റ്റുചെയ്തത്. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്കു വിവരങ്ങള്‍ കൈമാറിയെന്നാണ് വിവരം. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടറാണ് പ്രദീപ് കുരുല്‍ക്കര്‍.
ഔദ്യോഗിക രഹസ്യ നിയമം (ഒഫിഷ്യല്‍ സീക്രട്ട്‌സ് ആക്ട് 1923) പ്രകാരമാണ് അറസ്റ്റ്. പദവി ദുരുപയോഗം ചെയ്ത് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറിയെന്നുള്ളതാണ് എടിഎസ് വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ വഴി വോയ്‌സ് മെസേജുകളിലൂടെയും വിഡിയോ കോളുകളിലൂടെയും വിവരങ്ങള്‍ കൈമാറിയെന്നാണു പ്രാഥമിക കണ്ടെത്തല്‍.
ഹണിട്രാപ്പിലൂടെയാണ് ചാരവൃത്തി നടന്നതെന്ന് എടിഎസ് വ്യക്തമാക്കി. ബുധനാഴ്ചയായിരുന്നു അറസ്റ്റ്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി എടിഎസ് കസ്റ്റഡിയില്‍ വാങ്ങി. ചോദ്യംചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. ഡിആര്‍ഡിഒയുടെ പരാതിപ്രകാരമാണ് എടിഎസ് ഇത്തരമൊരു നടപടിയിലേക്കു കടന്നത്. മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ഡിആര്‍ഡിഒയുടെ തന്ത്രപ്രധാനമായ നിരവധി പദ്ധതികളില്‍ കുരുല്‍ക്കര്‍ ഭാഗമായിട്ടുണ്ട്.